| Monday, 26th December 2022, 2:52 pm

പതിനേഴര കോടി ഒട്ടും കൂടുതലല്ല; മുംബൈ ഇന്ത്യന്‍സിന് കൊടുത്ത കാശ് പോകില്ലെന്നുറപ്പായി, അതിനുള്ള തെളിവ് അവന്‍ തന്നുകൊണ്ടേയിരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചിയില്‍ വെച്ച് നടന്ന ഐ.പി.എല്‍ 2023ന്റെ താരലേലത്തില്‍ കോടികളായിരുന്നു ഒഴുകിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഒരു താരത്തിന് മേല്‍ ഏറ്റവുമധികം തുകക്ക് ബിഡ്ഡിങ് നടന്നതും ഈ വര്‍ഷം തന്നെയായിരുന്നു.

ഏറ്റവുമുയര്‍ന്ന തുകക്ക് പുറമെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ തുകയും ബിഡ് ചെയ്യപ്പെട്ടത് കൊച്ചിയില്‍ വെച്ച് നടന്ന ലേലത്തില്‍ തന്നെയായിരുന്നു. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം കാമറൂണ്‍ ഗ്രീനിനാണ് ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ തുക ലഭിച്ചത്.

17.5 കോടി രൂപക്കായിരുന്നു മുംബൈ ഇന്ത്യന്‍സ് താരത്തെ ടീമിലെത്തിച്ചത്. എന്നാല്‍ ഗ്രീനിനെ ടീമിലെത്തിച്ചതിന് പിന്നാലെ ഇത്രയധികം തുക താരത്തിന് വേണ്ടി മുടക്കേണ്ടിയിരുന്നോ എന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.

എന്നാല്‍ കൊടുത്ത കാശിന് താന്‍ കൃത്യമായി പണിയെടുക്കും എന്നതിന്റെ ട്രെയ്‌ലറാണ് താരം നല്‍കുന്നത്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയെ എറിഞ്ഞിട്ടാണ് ഗ്രീന്‍ തരംഗമാവുന്നത്.

10.4 ഓവര്‍ പന്തെറിഞ്ഞ് 27 റണ്‍സിന് അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. 2.53 എക്കോണമിയില്‍ മൂന്ന് മെയ്ഡന്‍ ഉള്‍പ്പെടെയാണ് ഗ്രീന്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് മേല്‍ പടര്‍ന്നുകയറിയത്.

തെയുനിസ് ഡി ബ്രൂയ്‌നെ വീഴ്ത്തി തുടങ്ങിയ ഗ്രീന്‍ ഒന്നിന് പിറകെ ഒന്നായി പ്രോട്ടീസ് ബാറ്റര്‍മാരെ കൂടാരം കയറ്റി. നിലയുറപ്പിച്ച കൈല്‍ വെരെയ്‌നെ പുറത്താക്കി ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയ ഗ്രീന്‍ ഇന്‍ ഫോം ബാറ്ററായ മാര്‍കോ ജെന്‍സനെയും പുറത്താക്കി.

പേസര്‍ കഗീസോ റബാദയെ ക്ലീന്‍ ബൗള്‍ഡാക്കിയ ഗ്രീന്‍ ലുന്‍ഗി എന്‍ഗിഡിയുടെ വിക്കറ്റും പറിച്ചെറിഞ്ഞ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

ഗ്രീനിന്റെ ബൗളിങ് മികവില്‍ ഓസീസ് 189 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറില്‍ പ്രോട്ടീസിനെ പുറത്താക്കുകയും ചെയ്തു.

ഇതോടെ ഐ.പി.എല്‍ 2023ല്‍ ഏറ്റവുമധികം പേടിക്കേണ്ട ബൗളിങ് നിരയായി മുംബൈ മാറിക്കഴിഞ്ഞിരിക്കുകയാണ്. ജസ്പ്രീത് ബുംറ, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരടങ്ങിയ ആഴ്‌സണലിലേക്കാണ് ഇപ്പോള്‍ ഗ്രീനുമെത്തിയിരിക്കുന്നത്.

ഇതിനൊപ്പം തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ തരംഗമായ ഷാംസ് മുലാനിയും വെറ്ററന്‍ സ്പിന്നര്‍ പീയൂഷ് ചൗളയുമടങ്ങുന്ന ബൗളിങ് നിര ഏത് ടീമിനെയും വിറപ്പിക്കാന്‍ പോന്നതാണ്.

ഐ.പി.എല്‍ 2023, മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്

വിക്കറ്റ് കീപ്പര്‍: ഇഷാന്‍ കിഷന്‍, വിഷ്ണു വിനോദ്.

ബാറ്റര്‍: രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ടീം ഡേവിഡ്, രണ്‍ദീപ് സിങ്, തിലക് വര്‍മ, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഡെവാള്‍ഡ് ബ്രെവിസ്.

ഓള്‍ റൗണ്ടര്‍: കാമറൂണ്‍ ഗ്രീന്‍, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ദുവാന്‍ ജെന്‍സെന്‍, നേഹല്‍ വദേര, ഷാംസ് മുലാനി.

ബൗളര്‍: ജസ്പ്രീത് ബുംറ, ജോഫ്രാ ആര്‍ച്ചര്‍, അര്‍ഷദ് ഖാന്‍, കുമാര്‍ കാര്‍ത്തികേയ, ഹൃത്തിക് ഷോകീന്‍, ജേസണ്‍ ബെഹന്‍ഡ്രോഫ്, ആകാശ് മധ്വാള്‍, ജേ റിച്ചാര്‍ഡ്സണ്‍, പീയൂഷ് ചൗള, രാഘവ് ഗോയല്‍.

Content Highlight: Cameroon green picks 5 wicket in boxing day test

We use cookies to give you the best possible experience. Learn more