2023ലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇനി ഇന്ത്യയും ഓസ്ട്രേലിയയും റെഡ് ബോളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ്. പരമ്പര നവംബര്‍ 26നാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക.
രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും. ഇപ്പോള്‍ പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ രൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ പരമ്പരയില്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞ ആത്മവിശ്വാസവും താരം പ്രകടിപ്പിച്ചു.
‘മത്സരങ്ങള്‍ ഒരിക്കലും എളുപ്പമാകില്ല. വരാനിരിക്കുന്ന വലിയ പരമ്പര കഠിനമായിരിക്കും, എന്നിരുന്നാലും ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓരോ പോയിന്റും പ്രധാനമാണ്. എതിരാളിയെ നേരിടാനുള്ള തന്ത്രങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്, ഞങ്ങള്‍ അതിന് ശ്രമിക്കും.
കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലായിരുന്നു, ഗെയിമില്‍ ഞങ്ങള്‍ വിജയിച്ചു. വരാനിരിക്കുന്ന പരമ്പര വീണ്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ പ്രിവ്യൂ ആയിരിക്കും. ഇന്ത്യന്‍ ടീമില്‍ നിന്നുമുള്ള പരമ്പരയുടെ വിവരങ്ങള്‍ അറിയാനുണ്ട്, അവരെ ഞങ്ങള്‍ വീണ്ടും തോല്‍പ്പിക്കും,’ ഗ്രീന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയലും ഇന്ത്യ ഓസീസിന്റെ തട്ടകത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു. മാത്രമല്ല നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഇന്ത്യ വിജയിക്കുമെന്നും ഹാട്രിക് വിജയം സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ട്.
Content Highlight: Cameron Green Talking About Border Gavaskar Trophy