ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ പരമ്പരയുടെ ഭാഗമാകില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
നട്ടെല്ലിനേറ്റ പരിക്കിന്റെ ഭാഗമായി താരം ശസ്ത്രക്രിയക്ക് വിധേയനാവുകയാണ്. ചുരുങ്ങിയത് ആറ് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
താരത്തിന്റെ പരിക്കിനെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കുന്നുണ്ട്.
ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കിടെയാണ് ഗ്രീനിന് പരിക്കേല്‍ക്കുന്നത്. ഇതിന് പിന്നാലെ താരത്തെ പെട്ടെന്ന് തന്നെ നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു.
ഈ പരിക്കിന് പിന്നാലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മാത്രമല്ല, ശ്രീലങ്കക്കെതിരെ അവരുടെ തട്ടകത്തില്‍ നടക്കുന്ന വോണ്‍-മുരളീധരന്‍ ട്രോഫിയിലും ഗ്രീനിന്റെ സേവനം കങ്കാരുപ്പടയ്ക്ക് ലഭിക്കില്ല.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി
നവംബര്‍ 22നാണ് ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയായാണ് ഇത്തവണ ബി.ജി.ടി നടത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയായി ബി.ജി.ടി കളിക്കുന്നത്.
2020-21ലാണ് ഇതിന് മുമ്പ് ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെ വിജയിച്ചിരുന്നു.