10ാം വിക്കറ്റിലും പൂണ്ട് വിളയാടി ഓസ്‌ട്രേലിയ; കാമറൂണ്‍ ഗ്രീനും ഹേസല്‍വുഡും ചരിത്ര നേട്ടത്തില്‍
Sports News
10ാം വിക്കറ്റിലും പൂണ്ട് വിളയാടി ഓസ്‌ട്രേലിയ; കാമറൂണ്‍ ഗ്രീനും ഹേസല്‍വുഡും ചരിത്ര നേട്ടത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st March 2024, 1:31 pm

ഓസ്ട്രേലിയ – ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യത്തെ ഇന്നിങ്സ് അവസാനിച്ചിരിക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയ 115.1 ഓവറില്‍ 383 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡ് 179 റണ്‍സിനും പുറത്തായി.

ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ സ്റ്റീവ് സ്മിത്ത് 71 പന്തില്‍ നിന്ന് നാല് ബൗണ്ടറുകള്‍ അടക്കം 31 റണ്‍സ് ആണ് നേടിയത്. ഉസ്മാന്‍ ഖവാജാ 118 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളും ഒരു സിക്സറും അടക്കം 33 റണ്‍സും നേടി. മാര്‍നസ് ലബുഷാന് 27 പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

എന്നാല്‍ നാലാമനായി ഇറങ്ങിയാല്‍ കാമറോണ്‍ ഗ്രീന്‍ 275 പന്തില്‍ നിന്ന് 23 ബൗണ്ടറികളും അഞ്ച് സിക്സറുകളും അടക്കം 175 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. 63.27 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

89 റണ്‍സിന് നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഗ്രീനിന്റെ വരവ്. അവസാന വിക്കറ്റില്‍ ഹേസല്‍ വുഡുമായി 116 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടില്‍ അംഗമാകാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി 10ാം വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന്റെ കൂട്ട് കെട്ട് നേടിയ നാലാമത് കൂട്ട് കെട്ടാണ് ഹേസല്‍വുഡും ഗ്രീനും ചേര്‍ന്ന് നേടിയത്.

ഓസീസിന് വേണ്ടി 10ാം വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന്റെ കൂട്ട്‌കെട്ട് നേടിയ സംഘം, എതിരാളി

1 – ഫിലിപ്പ് ഹ്യൂഗ്‌സ & ആഷ്ടണ്‍ ആഗര്‍ – 163 – ഇംഗ്ലണ്ട് (2012)

2 – ജോണി ടൈലര്‍ & അര്‍ദര്‍ മെയ്‌ലെയ് – 127 – ഇംഗ്ലണ്ട് (1924)

3 – റെഗ്ഗീ ഡഫ് & വാര്‍വിക്ക് ആംസ്‌ട്രോങ് – 120 – ഇംഗ്ലണ്ട് (1902)

4 – കാമറോണ്‍ ഗ്രീന്‍ & ജോഷ് ഹേസല്‍ വുഡ് – 116 – ന്യൂസിലാന്‍ഡ് (2024)

തുടര്‍ ബാറ്റിങ്ങില്‍ ഗ്ലെന്‍ ഫിലിപ്പാണ് കിവീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 70 പന്തില്‍ നിന്ന് 13 ബൗണ്ടറികള്‍ അടക്കം 71 റണ്‍സാണ് താരം അടിച്ചെടുത്തത്. 101.43 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മാറ്റ് ഹെന്‍ട്രി 34 പന്തില്‍ നിന്ന് നാല് സിക്സറുകളും മൂന്ന് ബൗണ്ടറിയും അടക്കം 42 റണ്‍സ് നേടി കിടിലന്‍ പ്രകടനം നടത്തി. ഫിലിപ്സിന്റെയും ഹെന്‍ട്രിയുടെയും തകര്‍പ്പന്‍ ഇന്നിങ്സ് ആണ് കിവീസിനെ കരകയറ്റിയത്. ഇരുവര്‍ക്കും പുറമെ ടോം ബ്ലെണ്ടല്‍ 43 പന്തും നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 33 റണ്‍സ് നേടി. മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് നാഥന്‍ ലിയോണ്‍ ആണ്. എട്ട് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 43 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ ആണ് താരം നേടിയത്. കിവീസിന്റെ അടിവേര് ഇളക്കിയത് താരത്തിന്റെ തകര്‍പ്പന്‍ സ്പിന്‍ ബൗളിങ് ആണ്.

മിച്ചല്‍ സ്റ്റാര്‍ക്ക് നാല് മെയ്ഡന്‍ അടക്കം 34 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ജോഷ് ഹേസല്‍വുഡ് 55 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് രണ്ടു മെയ്ഡന്‍ അടക്കം 33 റണ്‍സ് വിട്ടുകൊടുത്തു ഒരു വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ മാഷും ഒരു വിക്കറ്റ് സംഭാവന നല്‍കി.

 

 

 

Content highlight: Cameron Green and Hazelwood in historic achievement