ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ ആഫ്രിക്കന്‍ ശക്തികളായ കാമറൂണിന് മുമ്പില്‍ തോറ്റുകൊണ്ടായിരുന്നു ബ്രസീല്‍ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ പരാജയം.
കാമറൂണിനെതിരായ മത്സരത്തിന് മുമ്പ് തന്നെ ബ്രസീല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ തന്നെ ബി സ്‌ക്വാഡിനെയായിരുന്നു ടിറ്റെ കളത്തിലിറക്കിയത്. പ്രതിരോധ നിരയില്‍ തിയാഗോ സില്‍വയുടെ അഭാവത്തില്‍ പരിചയ സമ്പന്നനായ ഡാനി അല്‍വസിന്റെ കീഴിലായിരുന്നു ബ്രസീല്‍ കളത്തിലിറങ്ങിയത്.
മധ്യനിരയില്‍ ഫ്രഡും ഫാബീന്യോയും മുന്നേറ്റത്തില്‍ ജീസസും വിങ്ങുകളില്‍ ആന്റണിയും മാര്‍ട്ടിനെല്ലിയുമായിരുന്നു ടിറ്റെ കളത്തിലിറക്കിയത്. 4-2-3-1 ഫോര്‍മേഷനിലായിരുന്നു ടിറ്റെ ബ്രസീലിനെ വിന്യസിച്ചത്.
മത്സരത്തിന്റെ 90 മിനിട്ടും ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നെങ്കിലും ഇന്‍ജുറി സമയത്ത് വിന്‍സെന്റ് അബൂബക്കറിന്റെ ഗോളില്‍ ബ്രസീല്‍ പരാജയം സമ്മതിക്കുകയായിരുന്നു. മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെയാണ് ബ്രസീല്‍ നോക്ക് ഔട്ടിലേക്ക് കടന്നിരിക്കുന്നത്.
ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ ബ്രസീലിന്റെ അണ്‍ബീറ്റണ്‍ സ്ട്രീക്കിന് കൂടിയാണ് തിരശീല വീണിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പിച്ച് ചരിത്രം സൃഷ്ടിച്ച ബ്രസീലിന്റെ ജൈത്രയാത്രക്ക് കൂടിയാണ് കാമറൂണ്‍ തടയിട്ടിരിക്കുന്നത്.
ലോകകപ്പില്‍ ഒരു ടീമിന് പോലും അവകാശപ്പെടാനില്ലാത്ത ബ്രസീലിന്റെ ചരിത്രനേട്ടത്തിന് കാമറൂണ്‍ അന്ത്യം കുറിക്കുകയായിരുന്നു.
1998ല്‍ നോര്‍വേയോട് 2-1ന് പരാജയപ്പെട്ടതിന് ശേഷം പിന്നീടിതുവരെ ബ്രസീല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റിട്ടില്ല. തുടര്‍ച്ചയായ 17 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിച്ച ബ്രസീല്‍ 18ാം മത്സരത്തില്‍ കാമറൂണിന് മുമ്പില്‍ അടിയറവ് പറയുകയായിരുന്നു.
അതേസമയം ആദ്യ പകുതിയില്‍ യുവതാരത്തിളക്കവുമായെത്തിയ കാമറൂണ്‍ ബ്രസീലിനെ തളച്ചുക്കെട്ടുകയായിരുന്നു. ഇരു ടീമുകളും ആക്രമണവും പ്രതിരോധവുമായി മികച്ച പ്രകടനമായിരുന്നു ആദ്യ പകുതിയില്‍ കാഴ്ചവെച്ചത്.
മത്സരം തുടങ്ങി അഞ്ച് മിനിട്ട് പിന്നിട്ടപ്പോള്‍ തന്നെ ഓരോ മഞ്ഞക്കാര്‍ഡുകള്‍ പിറന്നിരുന്നു. ബ്രസീലിന്റെ എഡര്‍ മിലിറ്റാവോയ്ക്കും കാമറൂണിന്റെ നൗഹു ടോളോയ്ക്കുമാണ് മഞ്ഞക്കാര്‍ഡുകള്‍ കിട്ടിയത്.
കാനറികള്‍ക്ക് തലവേദനയുണ്ടാക്കുന്ന പ്രകടനമായിരുന്നു തുടക്കം മുതല്‍ കാമറൂണ്‍ പുറത്തെടുത്തത്. കാമറൂണ്‍ ഗോള്‍ കീപ്പര്‍ എപ്പാസിയാണ് മാച്ചിലെ താരം. ഷോട്ട് ഓണ്‍ ടീര്‍ഗെറ്റിലേക്ക് ഏഴ് തവണയാണ് ബ്രസീല്‍ നിറയൊഴിച്ചത്. എന്നാല്‍ അത്യുഗ്രന്‍ സേവുകളിലൂടെ എപ്പാസി കരുത്ത് കാട്ടുകയായിരുന്നു.
റൗണ്ട് ഓഫ് 16ല്‍ ഏഷ്യന്‍ ശക്തികളായ സൗത്ത് കൊറിയയെയാണ് ബ്രസീലിന് നേരിടാനുള്ളത്. ഡിസംബര്‍ ആറിന് റാസ് അബു അബൗദില്‍ വെച്ചാണ് മത്സരം.
Content Highlight: Cameron ends Brazil’s unbeaten streak