ലണ്ടന്‍: ന്യൂലാന്‍ഡ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയ കുറ്റത്തിനു ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതിനു പിന്നാലെ സമാന ആരോപണവുമായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ രംഗത്ത്. കഴിഞ്ഞ ആഷസ് പരമ്പരയിലും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയെന്നാണ് വീഡിയോ സഹിതം ഇംഗ്ലീഷ് മാധ്യമങ്ങള്‍ ആരോപിക്കുന്നത്.
കാമറൂണ്‍ ബാന്‍ക്രോഫ്ട് പന്തില്‍ കൃതൃമം കാട്ടാന്‍ വേണ്ടി പഞ്ചസാര ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ജനുവരിയില്‍ നടന്ന ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന്റെ വിശ്രമ വേളയില്‍ ഡ്രസിങ്ങ് റൂമില്‍ നിന്ന് പഞ്ചസാര ശേഖരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
സ്പൂണില്‍ പഞ്ചസാര കോരിയെടുക്കുന്ന താരം ഇത് തന്റെ പോക്കറ്റില്‍ ഇടുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പഞ്ചസാര തരികള്‍ ഉപയോഗിച്ച് പന്തിന്റെ മിനുസം കൂട്ടി സ്വിങ്ങ് ലഭിക്കാന്‍ വേണ്ടിയാണിതെന്ന ആരോപണമാണ് മാധ്യമങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ ആഷസ് പരമ്പരയിലും ഓസീസ് താരങ്ങള്‍ ഇത്തരത്തിലുളള കള്ളകളി നടത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന ഇംഗ്ലണ്ട് താരവും കമന്ററേറ്ററുമായ മൈക്കല്‍ വോണ്‍ ആരോപിച്ചിരുന്നു. ആഷസ് കിരീടം ഇംഗ്ലണ്ടിന് തിരിച്ച് നല്‍കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമങ്ങള്‍ വീഡിയോയുമായി രംഗത്തെത്തിയത്.
ബാന്‍ക്രോഫ്ടാണ് ഓസീസിനായി പന്തില്‍ കൃത്രിമം കാട്ടുന്നതെന്നും ടീം ഇതിനായി താരത്തെ നിയോഗിച്ചതാണെന്നുമാണ് താരങ്ങള്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നത്. പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ഓസീസ് താരം ബാന്‍ക്രോഫ്ട് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയിരുന്നത്.
ആദ്യം ഇത് നിഷേധിച്ചെങ്കിലും വീഡിയോ പുറത്ത് വന്നതോടെ താരം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച സ്മിത്ത് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് ഇതറിയാമായിരുന്നെന്നാണ് വെളിപ്പെടുത്തിയിരുന്നത്.