തിരുവനന്തപുരം: നോട്ട് നിരോധനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമര്‍ശിച്ചതിന് എം.ടി വാസുദേവന്‍ നായര്‍ക്കെതിരെയുള്ള സംഘപരിവാര്‍ വിമര്‍ശനങ്ങള്‍ക്കെതിരെ ഛായാഗ്രാഹകന്‍ വേണു.
എം.ടി. വാസുദേവന്‍ നായരെ തൊട്ടു കളിക്കാന്‍ ഇവിടെ ഒരു സംഘപരിവാരവും സമയം കളയണ്ട. സംശയമുണ്ടെങ്കില്‍ മോഹന്‍ലാലിനോട് ചോദിച്ചു നോക്കെന്നായിരുന്നു വേണുവിന്റെ പ്രതികരണം. എം.ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റിലാണ് വേണു ഇക്കാര്യം പറഞ്ഞത്.
എം.ടിയുടെ വിമര്‍ശനത്തിന് പിന്നാലെ, പ്രധാനമന്ത്രിക്കെതിരെ പറയാന്‍ എം.ടിക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. നോട്ട് നിരോധന നടപടിയില്‍ എം.ടിയുടെ പ്രസ്താവന നല്ല ഉദ്ദേശ്യത്തോടെയല്ലെന്നും രാജ്യം മാറിയതൊന്നും എം.ടി അറിഞ്ഞില്ലേയെന്നും രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെ കേരളം നടുങ്ങിയ പല ഘട്ടങ്ങളിലും മൗനം പാലിച്ച എം.ടി ഇപ്പോള്‍ സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട എ.എന്‍ രാധാകൃഷ്ണന്‍, എം.ടി ഓടിപ്പിടഞ്ഞ് പോയി ആര്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും ചോദിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എ.കെ.ജി സെന്ററിനു മുന്നില്‍ സാഹിത്യ സാംസ്‌കാരിക നായകന്‍മാരുടെ തിരക്കാണ്. ബോര്‍ഡ് സ്ഥാനങ്ങള്‍ക്കായി എ.കെ.ജി സെന്ററിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന ആളുകളുടെ പട്ടികയില്‍ തങ്ങളോ പൊതുസമൂഹമോ പെടുത്തിയിട്ടില്ലെന്നും രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നോട്ട് നിരോധന വിഷയത്തില്‍ കാര്യങ്ങള്‍ അറിയാതെയാണ് എം.ടി പ്രതികരിച്ചതെന്നും രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
SEE MORE: തൊഴിലുറപ്പ് പദ്ധതി അംഗങ്ങളുമായാണ് സി.പി.ഐ.എം മനുഷ്യച്ചങ്ങലയ്ക്ക് ആളെകൂട്ടിയതെന്ന് ബി.ജെ.പി
കൂടാതെ “നാലുകെട്ടുകാരന്‍” ഇനി പാകിസ്ഥാനില്‍ താമസിക്കുന്നതാണ് നല്ലതെന്ന് സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ എഴുതുകയും ചെയ്തിരുന്നു.
വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും പ്രതികരിച്ചിരുന്നു. എം.ടി. വാസുദേവന്‍ നായര്‍ മോദിയെ വിമര്‍ശിക്കുന്നത് ജനാധിപത്യം. എന്നാല്‍ എം.ടിയെ ബി.ജെ.പി വിമര്‍ശിച്ചാല്‍ അതു ഫാസിസം. ഇതെന്തു ന്യായമാണെന്ന് സുരേന്ദ്രന്‍ ചോദിച്ചിരുന്നു.
ജനാധിപത്യത്തില്‍ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുന്നതിന് അവകാശമില്ലേയെന്നും പിന്നെ സാഹിത്യകാരന്‍മാര്‍ വിമര്‍ശനാതീതരാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. സാഹിത്യകാരന്‍മാര്‍ രാഷ്ട്രീയ വിമര്‍ശനം നടത്തിയാല്‍ തിരിച്ചും മറുപടിയുണ്ടാവുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
വടക്കേ ഇന്ത്യയിലേക്ക് ബൈനോക്കുലറും വെച്ച് നോക്കിയിരിക്കുന്ന പല സാഹിത്യകാരന്‍മാരും കേരളത്തില്‍ നടക്കുന്ന കൊടിയ തിന്മകളെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നുണ്ടോ? കനയ്യകുമാറിന്റെയും വെമുലയുടേയും പേരില്‍ പുരസ്‌കാരം തിരിച്ചുകൊടുക്കാന്‍ ഓടിയവര്‍ ഇവിടെ ദളിത് വിദ്യാര്‍ത്ഥികള്‍ ബലാല്‍സംഗത്തിനിരയായപ്പോഴും അക്രമിക്കപ്പെട്ടപ്പോഴും എന്തുകൊണ്ട് മിണ്ടിയില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചിരുന്നു.
എം.ടി യുടെ നാട്ടില്‍ കഴിഞ്ഞ ദിവസം ഒരു ദളിത് പെണ്‍കുട്ടി രാത്രിയില്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിച്ചു എന്ന കുറ്റത്തിന് പൊലീസ് പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കാര്യവും സുരേന്ദ്രന്‍ സൂചിപ്പിച്ചു.
അടിയന്തിരാവസ്ഥയില്‍ കണ്ടതാണ് കേരളത്തിലെ പല സാംസ്‌കാരിക നായകന്‍മാരുടേയും ഇരട്ടമുഖം. തോമസ് ഐസക്കിന്റെ വിധ്വംസകനിലപാടിന് സ്തുതിപാടുന്നവരെ തിരിച്ചും വിമര്‍ശിക്കാനുള്ള മിനിമം സ്വാതന്ത്ര്യം തങ്ങള്‍ക്കും അനുവദിച്ചുതരണമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.ടിക്ക് പിന്തുണയുമായി വേണു രംഗത്തെത്തിയിരിക്കുന്നത്.
കറന്‍സി പിന്‍വലിച്ച് രാജ്യങ്ങളെല്ലാം നേരിട്ടത് വലിയ ആപത്താണെന്നും, നോട്ട് പിന്‍വലിക്കല്‍ സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയെന്നും എം.ടി വിമര്‍ശനമുന്നയിച്ചിരുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ “കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും” എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തുഗ്ലക്ക് തലസ്ഥാനം മാറ്റിയത് അരക്കിറുക്കുകൊണ്ടു മാത്രമല്ല. തന്റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിര്‍ശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞത്. ഇത്തരം എതിര്‍പ്പുകള്‍ ഓരോ കാലത്തും ഉയര്‍ന്നുവരുമെന്നും മോദിയെ ലക്ഷ്യംവെച്ച് എം.ടി പറഞ്ഞിരുന്നു. ഇതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്.