1990-ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാളൂട്ടി. ബേബി ശ്യാമിലി, ജയറാം, നെടുമുടി വേണു, ഉര്‍വശി എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം മലയാളത്തിലെ എണ്ണംപറഞ്ഞ സര്‍വൈവല്‍ ത്രില്ലറുകളില്‍ ഒന്നാണ്.
കളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുഴിയിലേക്ക് വീണ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. മഞ്ഞുമ്മല് ബോയ്‌സ് റിലീസിന് പിന്നാലെ മാളൂട്ടിയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു.
കമല്‍ഹാസന്‍ നായകനായ ഗുണ എന്ന ചിത്രം ഷൂട്ട് ചെയ്ത ഗുണ കേവിനെ പശ്ചാത്തലമാക്കിയാണ് മഞ്ഞുമ്മല്‍ ബോയസ് ഒരുക്കിയത്. ഗുണ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച വേണു തന്നെയായിരുന്നു മാളൂട്ടി എന്ന ചിത്രത്തിന്റെ ക്യാമറയും ഒരുക്കിയത്.
മാളൂട്ടി എന്ന സിനിമയെ കുറിച്ചും ആ സിനിമയുടെ പരിമിതികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വേണു. തന്നെ സംബന്ധിച്ച് അന്നും ഇന്നും മാളൂട്ടി ഇംപ്രസീവ് ആയ ഒരു സിനിമയല്ലെന്നും ഒരു സര്‍വൈവല്‍ ത്രില്ലറിന് വേണ്ടിയിരുന്ന പല ഘടകങ്ങളും മാളൂട്ടിയില്‍ ഇല്ലായിരുന്നെന്നുമാണ് ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ വേണു പറയുന്നത്.
‘മാളൂട്ടി വലിയ ഇംപ്രസീവ് ആയി എനിക്ക് അന്നും തോന്നിയിട്ടില്ല ഇന്നും തോന്നിയിട്ടില്ല, ചില കാര്യങ്ങളൊക്കെ ഓക്കെ ആണെങ്കില്‍ പോലും. സര്‍വൈവല്‍ ത്രില്ലറില്‍ ഡ്രാമ ഇല്ലെങ്കില്‍ അതുകൊണ്ട് എഫക്ട് ഒന്നും ഉണ്ടാകില്ല. മാളൂട്ടിയില്‍ ഡ്രാമയും ഇമോഷനും ഉണ്ടാകാമായിരുന്ന പല സ്ഥലങ്ങളിലും അതില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അന്നും ഇന്നും.
അതിന് കാരണം അതിന് ഒരു സ്‌ക്രിപ്റ്റ് പോലും ഉണ്ടായിരുന്നില്ല. അങ്ങനെയൊക്കെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് ഞാന്‍ കണ്ടിട്ടില്ല. അത് തമ്മില്‍ കംപയര്‍ ചെയ്യുന്നത് അണ്‍ഫെയര്‍ ആണെന്നാണ് അഭിപ്രായം.
ഏത് ത്രില്ലര്‍ ആകുമ്പോഴും ഇമോഷനും ഡ്രാമയും ആണ് പ്രധാനം. അത് ഇല്ലാതെ നമ്മള്‍ എന്തെങ്കിലും കോലാഹലം കാണിച്ചുവെച്ചിട്ട് കാര്യമില്ല. മനുഷ്യന്റെ മനസിനെ എങ്ങനെയാണ് ഇത് ബാധിക്കുന്നത് എന്നതാണ് പ്രധാനം. അല്ലാതെ അത് ചെയ്തിട്ട് കാര്യമില്ല. ടൈറ്റാനിക് എന്ന സിനിമയില്‍ ആ കപ്പലും അതിന്റെ വലിപ്പവുമൊന്നുമല്ലല്ലോ പ്രധാനം. അതിന്റെ ഇമോഷന്‍ അല്ലേ. അങ്ങനെ ഒരു ആംഗിള്‍ ഉള്ളതുകൊണ്ടാണ് അത് വിജയിച്ചത്. അത് ഒറിജിനലായി നടന്ന കാര്യവുമായിരിക്കില്ല,’ വേണു പറഞ്ഞു.
ഗുണ എന്ന ചിത്രം ഗുണ കേവില്‍ വെച്ച് ഷൂട്ട് ചെയ്യാന്‍ ആര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ലെന്നും സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് നിര്‍മാതാവ് ആദ്യം തിരിച്ചുപോയതാണെന്നും അഭിമുഖത്തില്‍ വേണു പറയുന്നുണ്ട്.
‘എന്താണ് ചെയ്യുക ഇത് നടക്കുമോ എന്ന് കമല്‍ഹാസന്‍ എന്നോട് ചോദിച്ചു. നടക്കായ്കയൊന്നുമില്ല പക്ഷേ ആ രീതിയില്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് പറഞ്ഞു.
അവിടേക്ക് ഒരു വഴി പോലുമില്ല. കേവിന്റെ ഉള്ളിലേക്ക് ഇറങ്ങുന്ന കാര്യമല്ല പറയുന്നത്. അതിനടുത്തേക്ക് എത്താനുള്ള കാര്യത്തെ കുറിച്ചാണ്. വഴിയൊക്കെ വെട്ടിയാണ് പോയത്. തമിഴ്‌നാട് ഫോറസ്റ്റുമായി സംസാരിച്ച് അവരുടെ അനുമതി വാങ്ങി. പൂര്‍വസ്ഥിതിയില്‍ ആക്കി നല്‍കാമെന്ന് പറഞ്ഞാണ് അനുമതി നല്‍കിയത്. ജെ.സി.ബിയോ സംവിധാനമോ ഒന്നും ഇല്ല. ആളുകള്‍ തന്നെ വഴിവെട്ടിയെടുക്കുകയായിരുന്നു’, വേണു പറഞ്ഞു.
Content Highlight: Cameraman venu about Malootty Movie