| Thursday, 14th December 2023, 8:43 pm

ടോക്‌സിക് മസ്‌കുലിനിറ്റിയും മാരിറ്റല്‍ റേപ്പും, നായകന്‍ പ്രേക്ഷകരെ അധിക്ഷേപിക്കുന്നു; അനിമലിനെ വിമര്‍ശിച്ച് വിജയ് ചിത്രത്തിന്റെ ക്യാമറാമാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിനെതിരെ വിമര്‍ശനവുമായി ക്യാമറാമാന്‍ സിദ്ധാര്‍ത്ഥ് നുനി. ലൂസിയ, ക്യാപ്റ്റന്‍ മില്ലര്‍, ദളപതി 68 തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാനാണ് സിദ്ധാര്‍ത്ഥ് നുനി. ടോക്‌സിക് മസ്‌കുലിനിറ്റിയെ ന്യായീകരിക്കുന്ന, മാരിറ്റല്‍ റേപ്പും അബ്യൂസീവായ ബന്ധങ്ങളും കാണിക്കുന്ന ചിത്രമാണ് അനിമലെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. രണ്‍ബീറിന്റെ കഥാപാത്രം പ്രേക്ഷകരെ അധിക്ഷേപിക്കുന്നുണ്ടെന്നും ഇങ്ങനെയുള്ള ചിത്രം ഇത്രയും പണം നേടുന്നത് രാജ്യത്തിന്റെ സാമൂഹിക അവസ്ഥയെയാണ് കാണിക്കുന്നതെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സിദ്ധാര്‍ത്ഥ് കുറിച്ചു.

‘കഴിഞ്ഞ ദിവസം അനിമല്‍ കണ്ടു. ആ ചിത്രം എന്നെ വലിയ ആശങ്കയിലേക്കാണ് തള്ളിവിട്ടത്. നാസി മഹത്വവല്‍കരണം നടത്തുന്ന (നെഞ്ചില്‍ സ്വാസ്തിക ധരിച്ച്), ആല്‍ഫാ മെയ്ല്‍ സിദ്ധാന്തങ്ങള്‍ കൊണ്ട് ടോക്‌സിക് മസ്‌കുലിനിറ്റിയെ ന്യായീകരിക്കുന്ന, നിയമവാഴ്ചയില്ലാതെ അതിക്രമം നടക്കുന്ന, മാരിറ്റല്‍ റേപ്പ് കാണിക്കുന്ന, ഭര്‍ത്താവ് ക്രൂരനും സ്ത്രീകള്‍ മിണ്ടാപ്രാണികളായി തരംതാഴ്ത്തപ്പെടുന്ന അബ്യൂസീവായ ബന്ധങ്ങളുള്ള സിനിമയാണ് അനിമല്‍.

അവസാന ഷോട്ടില്‍ രണ്‍ബീറിന്റെ കഥാപാത്രം കാണിക്കുന്ന സിഗ്‌നല്‍ പ്രേക്ഷകരെ അധിക്ഷേപിക്കുന്നതാണ്. ഇങ്ങനെയുള്ള ഒരു ചിത്രം ഇത്രയും പണം നേടിയത് നമ്മുടെ രാജ്യത്തിന്റെ സാമൂഹിക അവസ്ഥയെയാണ് പ്രതിഫലലിപ്പിക്കുന്നത്. എ റേറ്റ് ലഭിച്ച ഒരു ചിത്രത്തിന് ഹൈദരബാദിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ കൊച്ചുകുട്ടികളെ ഞാന്‍ കണ്ടു. ഇത്തരം കുഞ്ഞു മനസുകളെ സംരക്ഷിക്കാനുള്ള സെന്‍സര്‍ഷിപ്പും ഉത്തരവാദിത്തവും എവിടെ പോയി?,’ സിദ്ധാര്‍ത്ഥ് കുറിച്ചു.

സന്ദീപ് വാങ്കാ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ ഒന്നിനാണ് റിലീസ് ചെയ്തത്. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപം സംവിധാനം ചെയ്ത സിനിമയാണ് അനിമല്‍. രശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവര്‍ നായികമാരായ ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Content Highlight: Cameraman Siddharth Nuni criticized Ranbir Kapoor’s film Animal

We use cookies to give you the best possible experience. Learn more