|

എവിടെ വരെ പോകാം, ഏതാണ് അതിര്‍വരമ്പെന്നൊക്കെ മോഹന്‍ലാല്‍ സാറിന് അറിയാം: ക്യാമറാമാന്‍ ഷാജി കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ ശോഭനയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് തുടരും. മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമ മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിലാണ് എത്തുന്നത്.

സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. മാസ് ഹീറോ കഥാപാത്രങ്ങളില്‍ നിന്ന് ഇടവേളയെടുത്ത് മോഹന്‍ലാല്‍ ഒരു സാധാരണക്കാരനായി എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ക്യാമറാമാന്‍ ഷാജി കുമാര്‍ ആണ്. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചും തുടരും സിനിമയെ കുറിച്ചും പറയുകയാണ് അദ്ദേഹം. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി കുമാര്‍.

‘നമ്മള്‍ വര്‍ക്ക് ചെയ്തതും അല്ലാത്തതുമായ ഒരുപാട് സിനിമകളിലൂടെ ലാല്‍ സാറിന്റെ മാജിക്കുകള്‍ കണ്ടിട്ടുണ്ട്. എന്താണോ സാര്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്നോ എങ്ങനെയാണ് റിയാക്ട് ചെയ്യാന്‍ പോകുന്നതെന്നോ നമുക്ക് നേരത്തെ ജഡ്ജ് ചെയ്യാന്‍ പറ്റില്ല.

അത് അദ്ദേഹത്തിന്റേതായ ഒരു രീതിയാണ്. ചിലപ്പോള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന ധാരണ അദ്ദേഹത്തിന്റെ മനസിലുണ്ടാകാം. എന്താണ് ചെയ്യുന്നതെന്ന ധാരണയില്ലാത്ത ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മോഹന്‍ലാല്‍ സാര്‍ തുടരും എന്ന സിനിമയില്‍ ഷണ്‍മുഖമെന്ന കഥാപാത്രമാണ് ചെയ്യുന്നത്.

ആ കഥാപാത്രം എവിടെ വരെ പോകാം, എവിടെ വരെ നില്‍ക്കാം, ഏതാണ് അതിന്റെ അതിര്‍വരമ്പ് എന്നീ കാര്യങ്ങളൊക്കെ സാറിന് നന്നായിട്ട് അറിയാം. സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ സാറില്‍ നിന്ന് എന്താണ് വരാന്‍ പോകുന്നതെന്ന് നമ്മള്‍ പ്രതീക്ഷിക്കും. അദ്ദേഹം നമ്മളെ എന്തായാലും നിരാശപ്പെടുത്തില്ല,’ ഷാജി കുമാര്‍ പറയുന്നു.

Content Highlight: Cameraman Shaji Kumar Talks About Mohanlal And Thudarum Movie

Latest Stories