| Tuesday, 17th October 2023, 12:01 pm

'പുലിമുരുകന്റെ ഷൂട്ടിനിടെ കെമിക്കല്‍ സ്‌മോക്ക് ഉപയോഗിച്ചു, പലരും കുറേ നാളത്തേക്ക് രോഗ ബാധിതരായി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ അണിയറക്കഥകള്‍ പങ്കുവെക്കുകയാണ് ക്യാമറാമാന്‍ ഷാജി കുമാര്‍.

പുലിമുരുകന്‍ എന്ന സബ്ജക്ട് പറയുമ്പോള്‍ ആ സിനിമ എങ്ങനെ ഷൂട്ട് ചെയ്യും എന്നതിനെ കുറിച്ച് ആര്‍ക്കും ഒരു വ്യക്തതയും ഉണ്ടായിരുന്നില്ലെന്നും എത്രത്തോളം റിസ്‌ക് എടുക്കേണ്ടി വരുമെന്ന് ആ സമയത്ത് അറിയില്ലായിരുന്നെന്നും ഷാജി കുമാര്‍ പറയുന്നു. പല പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടാണ് സിനിമ ചിത്രീകരിച്ചതെന്നും ഫോറസ്റ്റുകാര്‍ പോലും പോകാത്ത ഉള്‍വനങ്ങളില്‍ ചെന്നാണ് സിനിമയുടെ പല ഭാഗങ്ങളും ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാജി കുമാര്‍.

‘സിനിമയെക്കുറിച്ച് സംസാരിക്കാന്‍ ഹിന്ദിയിലെ രണ്ട് മൂന്ന് ഫൈറ്റ് മാസ്‌റ്റേഴ്‌സിനടുത്ത് പോയിരുന്നു. യഥാര്‍ത്ഥ പുലിയെ വെച്ച് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് എല്ലാവരും കൈയൊഴിഞ്ഞു. പിന്നീട് പീറ്റര്‍ ഹെയ്ന്‍ എന്ന സ്റ്റണ്ട് മാസ്റ്റര്‍ സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്യാന്‍ തയ്യാറായി. അങ്ങനെയാണ് പുലിമുരുകന്‍ എന്ന സിനിമ ആദ്യം ഉദിക്കുന്നത്.

പിന്നീട് ലൊക്കേഷന്‍ ഹണ്ട് തുടങ്ങുകയായിരുന്നു. നോബിള്‍, ബിനു തുടങ്ങിയവരാണ് ലൊക്കേഷന്‍ തേടി പോകുന്നത്. ഇങ്ങനെ ഒരു സ്ഥലമുണ്ടെന്ന് പറയുമ്പോള്‍ പിന്നീട് ഞങ്ങള്‍ കൂടി പോയി ലൊക്കേഷന്‍ കാണും.

പുലിയൂര്‍ എന്ന സ്ഥലമാക്കി സെറ്റിടുകയാണ് വേണ്ടത്. അവിടെ എല്ലാം നമ്മള്‍ ക്രിയേറ്റ് ചെയ്തതാണ്. ആലയും ചായക്കടയുമെല്ലാം സെറ്റ് ചെയ്തു. സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ ജോസഫായിരുന്നു. പുലിയൂര്‍ ഗ്രാമം സെറ്റ് ചെയ്യുന്നതായിരുന്നില്ല പ്രശ്‌നം, ഫോറസ്റ്റിനുള്ളില്‍ എങ്ങനെ ഷൂട്ട് ചെയ്യുമെന്നതായിരുന്നു.

ഏറ്റവും അപകടം പിടിച്ച കാര്യം പൂയംകുട്ടിയെന്ന വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തായി ലാല്‍ സാറിന്റേയും ലാലിന്റേയും രണ്ട് വീട് സെറ്റിടുക എന്നതായിരുന്നു. വീടിന് സെറ്റിടാന്‍ അഞ്ച് ആറ് പ്രാവശ്യം അവര്‍ വീടിന് ബേസ് ഇട്ടു. തൊട്ടു പിന്നാലെ തന്നെ വെള്ളം കയറിയും മഴ പെയ്തും അത് പൊളിഞ്ഞുപോകും. അത്രയും അപകടം പിടിച്ച സ്ഥലത്താണ് ചെയ്തത്.

പേടിയാകുന്ന ഒഴുക്കിലാണ് അവര്‍ പാലം ചെയ്തത്. ഒപ്പം രണ്ട് വീടുകളും ചെയ്തു. സിനിമയില്‍ നമ്മള്‍ വെള്ളത്തിന്റെ ഫോഴ്‌സ് കാണിക്കുന്നുണ്ട്. അത് കണ്ട ഒരാളും അതിനടുത്ത് നിന്ന് ഇത് പണിയാന്‍ നില്‍ക്കില്ല. ഏറ്റവും അപകടം പിടിച്ച സ്ഥലത്ത് അവര്‍ എങ്ങനെ അത് സാധിച്ചെടുത്തു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

യഥാര്‍ത്ഥത്തില്‍ മഴ സമയത്ത് അവിടെ പോയാല്‍ നിങ്ങള്‍ക്ക് മനസിലാകും. അങ്ങനെ ഒരു മഴ സമയത്താണ് സിനിമ ഷൂട്ട് ചെയ്തത്. നമ്മുടെ നാട്ടില്‍ നിന്ന് പിടിക്കുന്ന പുലികളെയോ കോംബ്രയെയോ വന്യ ജീവികളെയൊക്കെ കൊണ്ടിടുന്ന സ്ഥലമാണ് അത്. അവിടേക്ക് ആളുകള്‍ പോകാത്തത് കൊണ്ടാണ് അവിടെ കൊണ്ടിടുന്നത്. അവിടെയാണ് നമ്മള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്.

പാമ്പിന്റെ ശല്യമായിരുന്നു പിന്നീട് ഞങ്ങള്‍ നേരിട്ട റിസ്‌ക്. കാടിനുള്ളില്‍ അണലിയും കുഞ്ഞുങ്ങളുമുണ്ടാകും. ഏത് നിമിഷം വേണമെങ്കിലും ആരേയും കടിക്കുമെന്ന അവസ്ഥ. ഉച്ചയ്ക്ക് അര മണിക്കൂറൊക്കെ മയങ്ങുന്നവരൊക്കെയുണ്ടായിരുന്നു. അവരോട് കിടക്കരുതെന്ന് പറയാനേ സാധിക്കുമായിരുന്നുള്ളൂ.

ഈ പാമ്പിനെ നേരിടാനായി ഞങ്ങള്‍ സ്‌മോക്ക് ഉപയോഗിച്ചിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ പലര്‍ക്കും സ്‌മോക്ക് മെഷീന്റെ പ്രശ്‌നം കൊണ്ട് അസുഖം വന്നു. അതില്‍ ചിലപ്പോള്‍ നമ്മള്‍ കെമിക്കല്‍ ഉപയോഗിക്കും. ചിലപ്പോള്‍ ഡീസല്‍ ഉപയോഗിക്കും. അതുകൊണ്ടായിരിക്കും പിന്നീടങ്ങോട്ട് പാമ്പിന്റെ ശല്യം നേരിട്ടിട്ടിരുന്നില്ല. പക്ഷേ അവരെല്ലാം കുറേ നാളത്തേക്ക് രോഗികളായി മാറി,’ ഷാജി കുമാര്‍ പറഞ്ഞു.

Content Highlight: Cameraman Shaji Kumar Mohanlal Movie Pulimurugan shoot issues

We use cookies to give you the best possible experience. Learn more