| Wednesday, 24th July 2024, 10:23 pm

അതൊരു പിരീയിഡ് ചിത്രമാണ്, അണിയറയിൽ വർക്കുകൾ നടക്കുന്നുണ്ട്; മോഹൻലാൽ ചിത്രത്തെ കുറിച്ച് സൂചന നൽകി ക്യാമറമാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വൃഷഭ. നന്ദകിഷോർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മേക്ക, സഹ്റ എസ്. ഖാൻ, ഷനായ കപൂർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്നാൽ ഈയിടെ ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സിനിമയുടെ വർക്കുകൾ അണിയറയിൽ ഒരുങ്ങുകയാണെന്ന് പറഞ്ഞുകൊണ്ട് അണിയറ പ്രവർത്തകർ തന്നെ മുന്നോട്ട് വന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ക്യാമറമാൻ സന്തോഷ്‌ തുണ്ടിയിൽ. ചിത്രത്തിന്റെ വർക്കുകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും ഇടയ്ക്കൊരു ഗ്യാപ് വന്നെന്നും അദ്ദേഹം പറയുന്നു. മോഹൻലാലിന്റെ ഡേറ്റ് അനുസരിച്ചിരിക്കും അതിന്റെ ഷൂട്ടെന്നും പിരീയിഡ് ഴോണറിൽ വരുന്ന ചിത്രമാണ് വൃഷഭയെന്നും സന്തോഷ്‌ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വൃഷഭയുടെ വർക്കുകൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഇടയ്ക്കൊരു ഗ്യാപ്പുണ്ട്. അതിന്റെ ഷെഡ്യൂൾ ലാൽ സാറിന്റെ ഡേറ്റൊക്കെ അനുസരിച്ചിരിക്കും.

ഒരു മാസത്തോളം മൈസൂരിൽ വെച്ച് ലാൽ സാറിന്റെ ഷൂട്ടുകൾ ചെയ്തിട്ടുണ്ട്. പിന്നെ കുറച്ച് ബോംബെയിലും ഷൂട്ട്‌ ചെയ്തിട്ടുണ്ട്. അതൊരു പിരീയിഡ് സിനിമയാണ്. തീർച്ചയായും ഓൺ ആയിട്ടുള്ള ഒരു സിനിമയാണ് വൃഷഭ,’ സന്തോഷ്‌ തുണ്ടയിൽ പറയുന്നു.

ഈ 26ന് റീ റിലീസിന് ഒരുങ്ങുന്ന ദേവദൂതൻ എന്ന ചിത്രത്തിന്റെ ക്യാമറമാനും സന്തോഷ്‌ തുണ്ടിയിൽ ആയിരുന്നു.


മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ്. ദേവദൂതൻ രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഹൊറർ മിസ്റ്ററി ഴോണറിലായിരുന്നു പുറത്തിറങ്ങിയത്. എന്നാൽ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.

24 വർഷങ്ങൾക്കിപ്പുറം വീണ്ടും ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ 4K റീമാസ്റ്റേർഡായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

Content Highlight: Cameraman Santhosh Thudiyil Talk About Vrishabha Movie

We use cookies to give you the best possible experience. Learn more