നിര്‍മിതബുദ്ധി സിനിമാറ്റോഗ്രഫിയെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ലെന്നും അതിനെ കുറിച്ച് നല്ല ഭയമുണ്ടെന്നും ഛായാഗ്രാഹകന്‍ വേണു. ആര്‍ക്കും എന്തും നിര്‍മിക്കാം എന്ന അവസ്ഥ വന്നാല്‍ അതൊരു പേടിക്കേണ്ട അവസ്ഥ തന്നെയാണെന്നും എന്നാല്‍ ഒരു സിനിമാറ്റോഗ്രാഫറുടെ മനസില്‍ രൂപപ്പെടുത്തി എടുക്കുന്നതല്ലേ അതിന് ചെയ്യാന്‍ പറ്റുകയുള്ളൂവെന്നതിനാല്‍ ജോലിയുടെ പ്രാധാന്യം അപ്പോഴുമുണ്ടെന്നും വേണു പറഞ്ഞു. നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാലുമായി ചേര്‍ന്ന് സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വേണു ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘എനിക്ക് അതിനെക്കുറിച്ച് നല്ല ഭയമുണ്ട്. കാരണം, അത് എങ്ങനെ ബാധിക്കുമെന്ന് അറിയില്ല. പണ്ട് സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ആയിട്ടൊക്കെ വന്ന സിനിമകളെപ്പോലെയാണ്. അതൊന്നും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ആര്‍ക്കും എന്തും ആരെയും നിര്‍മിക്കാം എന്ന അവസ്ഥ വന്നാല്‍ അതൊരു പേടിക്കേണ്ട അവസ്ഥ തന്നെയാണ്.
വേറൊരു കാര്യം, ഇതുവരാന്‍ ചിലപ്പോള്‍ അധികം സമയമെടുത്തെന്ന് വരില്ല. ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് ഫോട്ടോഗ്രഫി മാറിയത് അഞ്ച് മാസം കൊണ്ടാണ്. അഞ്ച് മാസത്തിനുള്ളില്‍ സിനിമ ഇല്ലാതായിപ്പോയി. ഇമേജിങ് എന്നത് വളരെ എളുപ്പവും കോമണുമായിപ്പോയി.
പണ്ട് ചിത്രകാരന്മാര്‍ക്ക് മാത്രമേ പടം വരയ്ക്കാന്‍ പറ്റുകയുള്ളായിരുന്നു. ഫോട്ടോഗ്രാഫര്‍ക്ക് മാത്രമേ ഫോട്ടോ എടുക്കാന്‍ പറ്റൂ. ആദ്യം ഭയങ്കര മിസ്റ്ററി അല്ലായിരുന്നോ. കറുത്ത തുണിയൊക്കെ മൂടി അതിനകത്ത് ഒരാള്‍ കയറി നില്‍ക്കുന്നു. അയാളെന്തോ ചെയ്യുന്നു. ആളുകള്‍ പേടിച്ച് പോയിട്ടുണ്ട് ഇതുകണ്ടിട്ട്. ഇതുകഴിഞ്ഞ് സിനിമാറ്റോഗ്രഫി വന്നപ്പോള്‍ ഏറ്റവും നല്ല ക്യാമറമാന്‍ എന്ന് പറയുന്നത് ഒരേ സ്പീഡില്‍ കറക്കാന്‍ പറ്റുന്ന ക്യാമറാമാനാണെന്ന് വന്നു. കൈകൊണ്ട് കറക്കണമായിരുന്നല്ലോ പഴയ ക്യാമറ.
അതില്‍ സ്പീഡ് വ്യത്യാസം വരാതെ കറക്കാന്‍ പറ്റണം. അങ്ങനെ ഓരോ ഘട്ടത്തിലും അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. ഇത് ഇങ്ങനെ തുടരും. ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാര്യവും ഇതുപോലെയാണ്. ഇതിങ്ങോട്ട് വന്ന് കയറിയാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. പക്ഷേ, എന്തൊക്കെ വന്നാലും സിനിമാറ്റോഗ്രഫിയുടെ ക്രിയേറ്റിവിറ്റി അങ്ങനെത്തന്നെ നിലനില്‍ക്കും എന്നാണ് തോന്നുന്നത്.
എന്ത് എ.ഐ വന്നാലും ഒരു സിനിമാറ്റോഗ്രാഫറുടെ മനസില്‍ രൂപപ്പെടുത്തി എടുക്കുന്നതല്ലേ അതിന് ചെയ്യാന്‍ പറ്റുകയുള്ളൂ. നമ്മള്‍ അത് മനസില്‍ ഡിസൈന്‍ ചെയ്യണ്ടേ. എന്താ വേണ്ടതെന്ന് തീരുമാനിക്കുകയൊക്കെ ചെയ്യണ്ടേ. അതൊക്കെ ആരെങ്കിലും ചെയ്യേണ്ട ജോലിയല്ലേ. അതൊരു സര്‍ഗാത്മക പ്രവര്‍ത്തനമാണല്ലോ. അതില്‍ സംശയമൊന്നുമില്ല. ജോലി ചെയ്യാനുള്ള എളുപ്പത്തെ കുറച്ചുകാണേണ്ട കാര്യമില്ല. പക്ഷേ ജോലിയുടെ പ്രാധാന്യം അപ്പോഴുമുണ്ട്,’ വേണു പറഞ്ഞു.
Content Highlights: Camera Man Venu talking about Artificial Intelligence