| Monday, 23rd January 2023, 8:44 am

'ഷോട്ട് എടുക്കുന്നതിന് മുമ്പ്, ഇക്കാ കുറച്ചപ്പുറത്തേക്ക് മാറിനില്‍ക്കാമോ എന്ന് ചോദിച്ചു, സൗകര്യമില്ല എന്നായിരുന്നു മറുപടി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടി.വി. ചന്ദ്രന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തുവന്ന ചിത്രമാണ് ഡാനി. മമ്മൂട്ടിയും വാണി വിശ്വനാഥുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായത്. രണ്ട് ഗെറ്റപ്പിലാണ് ഡാനിയില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നത്. സിനിമയുടെ ചിത്രീകരണ വേളയില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ക്യാമറമാന്‍ കെ.ജി. ജയന്‍.

ഷോട്ട് എടുക്കുന്നതിന് മുമ്പ് മമ്മൂട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അദ്ദേഹം അത് കേള്‍ക്കാറില്ലെന്നും എന്നാല്‍ ഷോട്ട് എടുക്കുമ്പോള്‍ പറഞ്ഞത് പോലെ തന്നെ ചെയ്യുമെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയന്‍ പറഞ്ഞു.

‘ഡാനിയുടെ ഷൂട്ടിനിടയില്‍ ഒരു രംഗമെടുക്കുമ്പോള്‍, ഇക്കാ കുറച്ച് ഇപ്പുറത്തേക്ക് മാറി നിക്കാമോ എന്ന് ചോദിച്ചു. ഫ്രെയ്മിലെ കോമ്പോസിഷന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ വേണ്ടിയാണ്. എനിക്ക് സൗകര്യമില്ല എന്ന് പുള്ളി പറഞ്ഞു. പിന്നെ ബലം കൊടുക്കാന്‍ പോയില്ല. പക്ഷേ അദ്ദേഹത്തിന് ഒരു പ്രത്യേകത ഉണ്ട്. എവിടെയാണ് നില്‍ക്കേണ്ടത് എന്ന് നോക്കിവെക്കും. എന്നിട്ട് ഷോട്ട് എടുക്കുമ്പോള്‍ കറക്ടായി അവിടെ വന്ന് നിക്കും. എനിക്ക് സൗകര്യമില്ലെന്നൊക്കെ വെറുതെ പറയുന്നതാണ്. മമ്മൂക്കക്ക് നല്ല ക്യാമറ സെന്‍സാണ്. ഏതാണ് ലെന്‍സ് എന്നൊക്കെ അന്വേഷിക്കും. ഏതാണ് ചില്ല് എന്നാണ് ചോദിക്കുക.

ഡാനിയില്‍ മമ്മൂട്ടി മാത്രമുള്ള ഒരു ക്ലോസപ്പ് ഷോട്ടുണ്ട്. ആ ഷോട്ടിന് വേണ്ടി ലൈറ്റിങ് ചെയ്തുകഴിഞ്ഞു. താഴെ രണ്ട് തെര്‍മോകോള്‍ ഇട്ടാണ് ലൈറ്റ് സെറ്റ് ചെയ്തിരിക്കുന്നത്. ഇത് ശരിയാവില്ല എന്ന് പുള്ളി പറഞ്ഞു. എന്തുപറ്റി എന്ന് ഞാന്‍ ചോദിച്ചു. ഇങ്ങനെ ലൈറ്റ് വെച്ചാല്‍ എന്റെ കണ്ണിന്റെ താഴെയുള്ള വീര്‍ണത ഒക്കെ എടുത്തുകാണം, എനിക്ക് ഒരുപാട് പ്രായം തോന്നും, ഇത് മാറ്റണമെന്ന് പറഞ്ഞു. ഞാന്‍ അത് ഉടനെ തന്നെ മാറ്റിക്കൊടുത്തു.

ഇപ്പോള്‍ പ്രായം അക്‌സപ്റ്റ് ചെയ്തുള്ള റോളുകളാണ് മമ്മൂട്ടി ചെയ്യുന്നത്. ചിലപ്പോള്‍ ആ കാലത്തൊക്കെ പ്രായത്തെ പറ്റി ബോതറേഷന്‍ കാണും. ഹീറോസായി നില്‍ക്കുന്നവര്‍ക്ക് വയസായ കഥാപാത്രങ്ങളിലേക്ക് മാറേണ്ട ഘട്ടം വരുമല്ലോ. അത് എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും പ്രശ്‌നമുള്ള സമയം തന്നെയാണ്,’ ജയന്‍ പറഞ്ഞു.

Content Highlight: camera man kg jayan talks about mammootty

We use cookies to give you the best possible experience. Learn more