| Sunday, 7th July 2019, 5:09 pm

മഹാരാഷ്ട്രയില്‍ എം.എല്‍.എമാരെ താമസിപ്പിച്ച ഹോട്ടലില്‍ യുവമോര്‍ച്ചാ നേതാവ്; സ്പാ ചെയ്യാന്‍ വന്നതാണെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ പാര്‍പ്പിച്ച ഹോട്ടലിലും പുറത്തും ബി.ജെ.പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ബഹളം. ഹോട്ടലില്‍ ബി.ജെ.പി എം.എല്‍.സി പ്രസാദ് ലാദിനൊപ്പം എത്തിയ യുവമോര്‍ച്ചാ മുംബൈ അധ്യക്ഷന്‍ പറഞ്ഞത് ഞായറാഴ്ചയാണെന്നും സ്പാ ചെയ്യാന്‍ വന്നതാണെന്നുമാണ്. നേതാക്കള്‍ക്ക് പുറമെ എം.എല്‍.എമാര്‍ക്ക് സംരക്ഷണവുമായി മഹാരാഷ്ട്രയിലെ ബി.ജെ.പി പ്രവര്‍ത്തകരും ഹോട്ടല്‍ പരിസരങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

വിമത എം.എല്‍.എമാര്‍ ഹോട്ടലിലുണ്ടെന്ന വിവരം അറിയില്ലെന്നാണ് മഹാരാഷ്ട്ര ബി.ജെ.പി നേതൃത്വം നേരത്തെ പറഞ്ഞിരുന്നത്. എം.എല്‍.എമാരുടെ രാജിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും മഹാരാഷ്ട്ര ബി.ജെ.പി വക്താവ് കേശവ് ഉപാധ്യായ് പറഞ്ഞിരുന്നു.

ബി.ജെ.പി രാജ്യസഭാ എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് എം.എല്‍.എമാര്‍ മുംബൈയിലെത്തിയിരുന്നത്.

അതിനിടെ രാജിവെച്ച 13 എം.എല്‍.എമാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാനായി 14 മന്ത്രിമാരെ രാജിവെപ്പിച്ച് സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്. നേതാക്കള്‍ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നാണ് ചര്‍ച്ചകള്‍ നടത്തുന്നത്.

ചൊവ്വാഴ്ചയാണ് എം.എല്‍.എമാരുടെ രാജി വിഷയത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കുന്നത്.

We use cookies to give you the best possible experience. Learn more