രാഹുല്‍ ഗാന്ധിയെ ലെക്ച്വറിങ്ങിന് ക്ഷണിച്ച് കേംബ്രിഡ്ജ് സര്‍വകലാശാല
national news
രാഹുല്‍ ഗാന്ധിയെ ലെക്ച്വറിങ്ങിന് ക്ഷണിച്ച് കേംബ്രിഡ്ജ് സര്‍വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th February 2023, 1:00 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ ലെക്ച്വറിങ്ങിന് ക്ഷണിച്ച് കേംബ്രിഡ്ജ് സര്‍വകലാശാല. ഈ മാസം അവസാനം രാഹുല്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതിനിടയില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ബിസിനസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിക്കും.

രാഹുലിനെ സര്‍വകലാശാലയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ജിയോപൊളിറ്റിക്സ്, അന്താരാഷ്ട്ര ബന്ധങ്ങള്‍, ജനാധിപത്യം എന്നീ വിഷയങ്ങളില്‍ വിവിധ സെഷനുകളില്‍ അദ്ദേഹം ക്ലാസെടുക്കാനും കേംബ്രിഡ്ജ് സര്‍വകലാശാല ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു.

‘ഈ മാസം അവസാനം കേംബ്രിഡ്ജ് സര്‍വകലാശാലയിലേക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിക്കുന്നതില്‍ സന്തോഷമുണ്ട്, ജിയോപൊളിറ്റിക്സ്, ഇന്ത്യ-ചൈന ബന്ധങ്ങള്‍, ജനാധിപത്യം തടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിക്കും,’ കേംബ്രിഡ്ജ് സര്‍വകലാശാല അറിയിച്ചു.

താന്‍ അതിനായി കാത്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയും മറുപടി നല്‍കി. ‘ഞാന്‍ പഠിച്ച സ്ഥാപനത്തില്‍ ഒരിക്കല്‍ കൂടി പോകാനും അവിടുത്തെ വിദ്യാര്‍ഥികളോട് സംവദിക്കാനും ഞാന്‍ കാത്തിരിക്കുന്നു,’ രാഹുല്‍ പറഞ്ഞു.

ഫെബ്രുവരി 24 മുതല്‍ 26 വരെ, ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 85ാമത് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ബ്രട്ടന്‍ സന്ദര്‍ശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.