| Monday, 28th February 2022, 10:51 am

ഡോ. മഹ്‌മൂദ് കൂരിയയുടെ ഗ്രന്ഥം കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലയാളി ചരിത്രകാരനും നോര്‍വയിലെ ബെര്‍ഗന്‍ യൂണിവേഴ്‌സിറ്റി ചരിത്ര അധ്യാപകനുമായ ഡോ.മഹ്‌മൂദ് കൂരിയയുടെ ഇസ്‌ലാമിക് ലോ ഇന്‍ സര്‍ക്കുലേഷന്‍ എന്ന പുസ്തകം കാംബ്രിഡ്ജ് പ്രസ് പ്രസിദ്ധീകരിക്കും.

പതിനായിരത്തിലധികം രൂപ മുഖവിലയുള്ള പുസ്തകം അമേരിക്കയില്‍ 135 ഡോളറും ബ്രിട്ടനില്‍ 105 പൗണ്ടുമാണ് കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ് വിലയിട്ടിരിക്കുന്നത്.

ആഫ്രിക്ക, അറേബ്യ, ഏഷ്യ എന്നിവിടങ്ങളില്‍, ഇസ്‌ലാമിക നിയമം തദ്ദേശീയമായ നിയമവ്യവസ്ഥകള്‍ക്കൊപ്പം, പതിമൂന്നാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ട് വരെ വ്യാപിച്ചതെങ്ങനെയാണെന്നും, അതില്‍ കേരളത്തിലും ഇന്തൊനേഷ്യയിലും മലേഷ്യയിലുമെല്ലാം പ്രചാരത്തിലുള്ള ശാഫിഈ മദ്ഹബിന്റെ പങ്ക് എന്താണെന്നുമെല്ലാം അന്വേഷിക്കുന്നതാണ് ഇസ്‌ലാമിക് ലോ ഇന്‍ സര്‍ക്കുലേഷന്‍ എന്ന ഗ്രന്ഥം.

ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളില്‍ ഇന്ന് വ്യാപകമായി പിന്തുടര്‍ന്നുവരുന്ന ശാഫിഈ മദ്ഹബിനെക്കുറിച്ച് ആധികാരികമായി അന്വേഷിക്കുന്ന ഈ പഠനം, നിരവധി രാജ്യങ്ങളും നൂറ്റാണ്ടുകളും ഒരുമിച്ച് അനാവരണം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ രചനയാണ്.

അറബി, ഉര്‍ദു, മലായ്, ഇന്തൊനേഷ്യന്‍, ഡച്ച്, ജര്‍മന്‍, പേര്‍ഷ്യന്‍, മലയാളം, തമിഴ് തുടങ്ങി നിരവധി ഭാഷകളിലുള്ള ചരിത്ര സ്രോതസ്സുകള്‍ ഉപയോഗിച്ച് വര്‍ഷങ്ങള്‍ നീണ്ടുനിന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മഹ്‌മൂദ് കൃതി എഴുതിയരിക്കുന്നത്.

സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറും ഗ്രാജ്വേറ്റ് സെന്ററിന്റെ മുന്‍ പ്രസിഡന്റുമായ പ്രൊഫസര്‍ ചെയ്‌സ് റോബിന്‍സണ്‍, ഹദ്‌റമി സയ്യിദുമാരുടെ ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളിലെ സംഭാവനകളെക്കുറിച്ച് പഠനം നടത്തിയ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ആന്ത്രൊപോളജി-ഹിസ്റ്ററി വിഭാഗം പ്രൊഫസര്‍ എംഗ്‌സംഗ് ഹോ, ഇംഗ്ലണ്ടിലെ എക്‌സറ്റര്‍ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഇസ്‌ലാം ഡയറക്ടര്‍ പ്രൊഫസര്‍ റോബര്‍ട്ട് ഗ്ലീവ് തുടങ്ങി നിരവധി പേര്‍  പുസ്തകത്തെ പ്രശംസിച്ച്  കുറിപ്പുകളെഴുതിയിട്ടുണ്ട്.

ന്യൂദല്‍ഹിയിലെ അശോക യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗത്തില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയായ മഹമൂദ് നെതര്‍ലാന്റ്‌സിലെ ലൈഡന്‍ യൂണിവേഴ്‌സിറ്റിയിലും നോര്‍വയിലെ ബെര്‍ഗന്‍ യൂണിവേഴ്‌സിറ്റിയിലുമാണ് ജോലി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര സ്വദേശിയായ മഹ്‌മൂദ് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂണിവേഴ്‌സിറ്റിയിലും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ലൈഡന്‍ യൂണിവേഴ്‌സിറ്റിയുലുമാണ് പഠിച്ചത്.

CONTENT HIGHLIGHTS:  Cambridge Press to publish book on Islamic law in circulation by Dr. Mahmoud Kuria

We use cookies to give you the best possible experience. Learn more