ലണ്ടന്‍: ഗസയിലെ വെടിനിര്‍ത്തലിനായി പ്രമേയം പാസാക്കി ബ്രിട്ടനിലെ കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍. സിറ്റിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പ്രമേയം പാസാക്കിയത്. ഇതാദ്യമായിട്ടാണ് യു.കെയിലെ ഒരു സിറ്റി ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഭൂരിപക്ഷം വോട്ടുകളോടെ പാസാക്കുന്നത്.
ഗസയില്‍ വെടിനിര്‍ത്തുന്നതിന് നെതന്യാഹു സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനും ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി അവസാനിപ്പിക്കാനും പ്രമേയം ബ്രിട്ടനോട് ആവശ്യപ്പെടുന്നു.
‘ഇത്തരത്തില്‍ ഒരു പ്രമേയം പാസാക്കാന്‍ കൗണ്‍സില്‍ കുറച്ച് നാളുകളായി കാത്തിരിക്കുകയാണ്. ഗസയിലെ അവസ്ഥകളാല്‍ ലോകത്തോട് തുറന്ന് പറയാതെ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല,’ ലേബര്‍ കൗണ്‍സിലര്‍ ആലീസ് ഗില്‍ഡര്‍ഡേല്‍ പറഞ്ഞു.
ആയുധങ്ങളും സൈനിക സാങ്കേതികവിദ്യയും നല്‍കി ഇസ്രഈലിനെ രാഷ്ടീയ ആയുധമാക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തുന്നവരെ കുറിച്ച് അന്വേഷണം നടത്തുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ബ്രിട്ടീഷ് ബഹുരാഷ്ട്ര ബാര്‍ക്ലേയ്സ് ബാങ്കിന് ഇസ്രഈല്‍ സൈന്യത്തെ ആയുധമാക്കുന്ന സ്ഥാപനങ്ങളില്‍ ഒരു ബില്യണ്‍ പൗണ്ടിലധികം ഓഹരികളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മെയ് 12 ന് ലേബര്‍ കൗണ്‍സിലിന്റെ ഷാഡോ ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി ബ്രിട്ടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേംബ്രിഡ്ജിലെ യുദ്ധവിരുദ്ധ സംഘടനായ ‘കേംബ്രിഡ്ജ് സ്റ്റോപ്പ് ദി വാര്‍’ ഫലസ്തീന്‍ വിഷയത്തില്‍ വളരെയധികം ജാഗ്രത പാലിക്കുന്നുണ്ടെന്ന് അറിയിച്ചു. ബാര്‍ക്ലേയ്സ് ബാങ്കില്‍ നിന്ന് തങ്ങളുടെ അക്കൗണ്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനങ്ങള്‍ ഉറപ്പുവരുത്തുമെന്നും സംഘടന വ്യക്തമാക്കി. യു.കെയില്‍ നിരന്തമായി ഫലസ്തീനികളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ഒരു കൂട്ടം ആളുകളുടെ സംഘടനയാണ് കേംബ്രിഡ്ജ് സ്റ്റോപ്പ് ദി വാര്‍.
അതേസമയം കേംബ്രിഡ്ജ് സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള ട്രിനിറ്റി കോളേജിനെതിരെ ഇസ്രഈലിന് പിന്തുണ നല്‍കുന്ന കമ്പനികളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ ഇസ്രഈലിന് നല്‍കിവരുന്ന പിന്തുണ നിരുപാധികം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ തീരുമാനം യു.കെ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍. പ്രമേയത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഫലസ്തീനിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതുമാണ്.
Contnet Highlight: Cambridge City Council passed a resolution in Britain for a ceasefire in Gaza