| Friday, 6th April 2018, 8:17 am

5.6 ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി: ഫേസ്ബുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 5.6 ലക്ഷത്തിലധികം ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതായി ഫേസ്ബുക്ക്. വിശദീകരണം ആവശ്യപ്പെട്ട് ഐ.ടി മന്ത്രാലയം പുറപ്പെടുവിച്ച നോട്ടീസിനുള്ള മറുപടിയായി ഫേസ്ബുക്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഡോ. അലക്‌സാണ്ടര്‍ കോഗന്‍ നിര്‍മിച്ച “ദിസ്ഈസ്‌യുവര്‍ഡിജിറ്റല്‍ലൈഫ്” എന്ന ആപ്പ് 335 ഇന്ത്യാക്കാര്‍ ഉപയോഗിച്ചതു വഴിയാണ് 5,62,120 ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്കക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. ഈ ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. 87 ദശലക്ഷം ആളുകളുടെ വിവരങ്ങളാണ് ആഗോളതലത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയിട്ടുള്ളതെന്നാണ് ഫേസ്ബുക്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, 30 ദശലക്ഷം ആളുകളുടെ വിവരങ്ങളാണ് ശേഖരിച്ചതെന്നും അവ നേരത്തെ തന്നെ നശിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വാദം.

വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതില്‍ ഇരയായവര്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന സേവനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഫേസ്ബുക്ക് അറിയിപ്പ്. വ്യക്തിവിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാമത്തെ രാജ്യമാണ്. 70.6 ദശലക്ഷം ഉപേഭാക്താക്കള്‍ ബാധിക്കപ്പെട്ട യു.എസാണ് പട്ടികയില്‍ ഒന്നാമത്. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നു.

ബി.ജെ.പി, കോണ്‍ഗ്രസ്, ജെ.ഡി.യു എന്നീ പാര്‍ടികള്‍ക്കുവേണ്ടി കേംബ്രിഡ്ജ് അനലറ്റിക്ക ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും 2003-2016 കാലയളവില്‍ ആറ് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ലോകത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ച ഉണ്ടായെന്നും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


Watch DoolNews Video :

We use cookies to give you the best possible experience. Learn more