വാഷിങ്ടണ്‍: കേംബ്രിഡ്ജ് അനലിറ്റിക്ക അമ്പത് ദശലക്ഷം ആളുകളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്കിനു നേരെ അന്വേഷണം. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ അറിവില്ലാതെ അവരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു കാമ്പെയ്നില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഫേസ്ബുക്കിനെ കൂട്ടുപ്രതിയാക്കി യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ വിവരങ്ങള്‍ ശേഖരിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയെന്ന കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പ്രചരണ തന്ത്രം “ന്യൂയോര്‍ക്ക് ടൈംസും” “ഒബ്‌സര്‍വറും” ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് തെളിവുകള്‍ നല്‍കാന്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക സക്കര്‍ബര്‍ഗിനോട് ബ്രിട്ടണ്‍ പാര്‍ലമെന്റും യൂറോപ്യന്‍ പാര്‍ലമെന്റും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപഭോക്താക്കളുടെ വിവരങ്ങളെ ചൂഷണം ചെയ്തും വിറ്റുമാണ് ഫേസ്ബുക്ക് പണം സമ്പാദിക്കുന്നതെന്ന വിമര്‍ശനം മുന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഉദ്യോഗസ്ഥനും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പൗരന്‍മാരുടെ വ്യക്തിവിരങ്ങള്‍ ചോര്‍ത്തുന്നതായി വെളിപ്പെടുത്തുകയും ചെയ്ത എഡ്വേഡ് സ്‌നോഡന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. “സാമൂഹിക മാധ്യമം”എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട ഒരു “സര്‍വെയിലന്‍സ് കമ്പനി”യാണ് ഫേസ്ബുക്ക് എന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കിലെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതല്ല; ഫേസ്ബുക്ക് ഈ കൃത്യത്തില്‍ കൂട്ടുപ്രതികളാണ്.
Related News: ‘സാമൂഹിക മാധ്യമം’എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട ഒരു ‘സര്‍വെയിലന്‍സ് കമ്പനി’യാണ് ഫേസ്ബുക്ക്: എഡ്വേഡ് സ്‌നോഡന്‍
ഫേസ്ബുക്കുമായുള്ള കരാറിനു വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് നിബന്ധനകള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക ശനിയാഴ്ച പ്രസ്താവനയിറക്കിയിരുന്നു.
അതേസമയം, വിഷയം പരിശോധിക്കാന്‍ ഡിജിറ്റല്‍ ഫോറന്‍സിക് കമ്പനിയെ ചുമതലത്തെടുത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് അറിയിച്ചു.