അതേ 2006 ലെ ജർമ്മനി ലോകകപ്പ്. ആക്രമണ ഫുട്ബോളിന്റെ വക്താക്കളായ അർജന്റീന,സെർബിയയെ നേരിടുന്നു. മുപ്പതാം മിനുറ്റ് വരെ ഒരു ഗോളിന് മുന്നിൽ നിൽക്കുന്ന അർജന്റീനയാണ് ചിത്രത്തിൽ. മത്തിയാസ് കെസ്മെന്‍റെ പാസ് ഗബ്രിയേൽ ഹെയ്ൻസെ വീണ്ടെടുത്താണ് ലോകകപ്പ് കണ്ട അതിമനോഹമായ ടീം ഗോളിലേക്കുള്ള യാത്ര തുടങ്ങുന്നത്. സ്വന്തം പകുതിയിൽ തുടങ്ങിയ നീക്കം 26 പാസുകൾക്ക് ശേഷം സെർബിയൻ ഗോൾ കീപ്പർ യെവ്റിച്ചിനെ പരാജയപ്പെടുത്തുമ്പോൾ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും ഉൾക്കൊണ്ട ആ ഗോൾ ലോകകപ്പ് കണ്ട ഏറ്റവും മനോഹരമായ നിമിഷമായി മാറുകയായിരന്നു. അർജന്റീനൻ ടീം ഒന്നടങ്കം ഒരു ഗോളിനായി നീക്കങ്ങൾ നടത്തിയപ്പോൾ 26 പാസുകളാണ് വലയിലെത്തുന്നതിന് മുൻപ് മൈതാനത്ത് കൈമാറപ്പെട്ടത്. ഇതിൽ 10 തവണയോളം പന്തുതേടിയെത്തിയ അർജന്റീനയുടെ ക്യാപ്റ്റൻ റിക്വൽമിയായിരുന്നു ഇതിന്റെ ബുദ്ധികേന്ദ്രം. കാമ്പിയാസോ,റിക്വൽമി എന്നിവർക്കൊപ്പം പാബ്ലോ സോറിൻ,റോബർട്ടോ അയാള,റൊഡ്രീഗസ്,ഹെർനൻ ക്രെസ്പോ,സാവിയോള എന്നിവരും ഈ മനോഹര ഗോളിൽ പങ്കാളികളായി. ഗബ്രിയേൽ ഹെയ്ൻസെ റിക്വൽമിയ്ക്ക് നീട്ടികൊടുത്ത പാസ് റിക്വൽമി, റോഡ്രിഗസ്, മാഷരാനോ ത്രയം പന്ത് സ്വന്തം ഹാൽഫിൽ തന്നെ വെച്ചു പൊസെഷൻ ഗെയിം കളിക്കുകയായിരുന്നു. അങ്ങനെയുള്ള നീക്കത്തിൽ പന്ത് കാമ്പിയാസോയെ തേടിയെത്തി. കാംബിയാസോ പാസ് മാഷരാനോയ്ക്കും, മാചെ പന്ത് റോഡ്രിഗസിനും കൊടുത്തു. റോഡ്രിഗസ് ഇടതു വിങ്ങിലൂടെ ഓടി വരുന്ന പാബ്ലോ സോരിനു പന്ത് നീട്ടി നൽകി. അപ്പോഴേയ്ക്കും സെർബിയൻ ബോക്സിലേക്ക് ഓടിയെത്തിയ ക്രെസ്പോയെ സെർബിയൻ താരങ്ങൾ മാർക് ചെയ്തു. അത് കണ്ട സോറിൻ പന്ത് റോഡ്രിഗസിന് തിരിച്ചു നൽകുകയും പിന്നേട് അത് സെർബിയൻ ഡിഫൻസിനെ കബിളിപ്പിച്ച് റോഡ്രിഗസ്, സോരിൻ, സാവിയോള എന്നിവർക്കിടയിൽ തന്നെ പാസ് കൈമാറി. സാവിയോള സോറിന്റെ പാസ് മുന്നോട്ട് കയറിവന്ന റിക്വേൽമിയ്ക്കും, റിക്വേൽമി ഇതിനിടെ മാർക് ചെയ്യാതിരുന്ന കാമ്പിയാസോയ്ക്കും കൈമാറി. കാമ്പിയാസോയുടെ നീക്കം സെർബിയൻ താരങ്ങളെ ആകെ വെട്ടിലാക്കി. സെർബിയൻ താരങ്ങൾ പന്ത് വീണ്ടെടുക്കാനാവാതെ പകച്ച് നിന്നപ്പോൾ സെർബിയൻ ബോക്സിൽ ഹെർനൻ ക്രെസ്പോയെത്തേടി കാമ്പിയാസോയുടെ പാസെത്തി, മാർക് ചെയ്തിരുന്ന ക്രെസ്പോയുടെ പിൻ കാൽ പാസ് ഇടത് കാലിലെടുത്ത കാമ്പിയാസോ ഗോളിയെ നിഷ്പ്രഭമാക്കി ഗോൾ നേടിയപ്പോൾ അർജന്റീനക്കാർ മാത്രമല്ല, ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരും ആ നിമിഷം അമ്പരപ്പിലാണ്ടു . കളി അർജന്റീന 6-0 നു ജയിച്ചെങ്കിലും ആ ഗോളിന്റെ മാസ്മരികത മറ്റൊന്നിനും ഒപ്പ് ചാർത്തിയിരുന്നില്ല.
പിന്നീട് ലോകമെമ്പാടും ഉള്ള കോച്ചിംഗ് മാനുവലിലേക്ക് സമ്പൂർണ മേധാവിതവത്തിന്റെ ക്ലാസിക്ക് ഉദാഹരണമായി മാറുകയായിരുന്നു അത്. ഒരുപക്ഷേ സ്പെയിൻ ടിക്കി-ടാക്ക അവതരിപ്പിച്ചതിലും മുന്നേ കണ്ട ടീം ഗെയിം എന്ന സമ്പൂർണ്ണ രൂപത്തിന്റെ ആദ്യ ചലനം ആയിരുന്നു കാമ്പിയാസോയുടെ കുറിയ പാസ്സുകളിലൂടെ കാൽപന്തുകളിയിലെ കാൽപ്പനികമായ ലാറ്റിനമേരിക്കൻ ചാരുതയേറിയ ഗോൾ. ഡ്രിബിളിങ്ങും പന്തടക്കവും ലോകത്തെ അൽഭുതപ്പെടുത്തിയ ഒട്ടനേകം ഫുട്ബോൾ മുഹൂർത്തങ്ങളുണ്ട്. മൈതാനമധ്യത്തിൽ നിന്ന് പന്തുമായി ഓടി, എതിരാളികളെ ഒന്നൊന്നായി വകഞ്ഞ് മാറ്റി, അവസാനം ഗോളി ഷിൽട്ടണെയും മറികടന്നുള്ള മറഡോണയുടെ ആ ഗോൾ ആരെയാണ് വിസ്മയിപ്പിക്കാതിരിക്കുക. ബെൽജിയത്തിനെതിരെ സൗദിയുടെ അല്- ഒവായിരൻ 1994 ലോകകപ്പിൽ നേടിയ ഗോളും പന്തടക്കത്തിന്റെ ക്ലാസിക്ക് കൾട് ആണ്. പക്ഷേ പിന്നീട് മെല്ലെ തുടങ്ങി വല നെയ്യുന്ന വണ്‍ ടച് പാസുകളുമായി കളം നിറയുന്ന കേളീ ശൈലി കാല്‍പ്പന്ത് കളിയെ മാറ്റി മറച്ചത് ടിക്കി ടാക്കയുടെ വരവോടെയാണ്. 2008, 2012 യൂറോ കപ്പ്, 2010 ലോകകപ്പും സ്പെയിൻ നേടി. അതിനു പുറമേ ബാഴ്സലോണ പെപ്പ് ഗാർഡിയോളയുടെ കീഴിൽ ഇതേ 2008-2012 കാലയളവിൽ 3 ലാ ലീഗാ 2 ചാമ്പ്യൻസ് ലീഗ് കിരീടവുമടക്കം 13 കിരീടങ്ങളാണ് ടിക്കി ടാക്കായുടെ ആധിപത്യവുമായി നേടിയത്. പക്ഷേ എതിരാളികളുടെ പാളയത്തിലേക്ക് ഇരച്ചുകയറുന്ന ആക്രമാണാത്മക ടോട്ടൽ ഫുട്ബോളിന്റെ സൗന്ദര്യം ഡച്ച് , ജർമൻ കാലുകളില്‍ നിറഞ്ഞു നിന്നതോടെ വണ്‍ ടച് പാസുകളുടെ കൊട്ടാരങ്ങൾ ഒന്നൊന്നായി നിലംപൊത്തി.
ബ്രസീൽ ആവട്ടെ, അർജൻറീനയാവട്ടെ, ഇപ്പോഴും ലാറ്റിൻ അമേരിക്കയില് ജീവിതവും സംസ്‌കാരവും രാഷ്‌ട്രീയവും പ്രതിരോധവും കവിതയും സംഗീതവും നൃത്തവും പിന്നെന്തെല്ലാമോ അതുമാണ് ഫുട്ബോൾ. ഫുട്ബാളിന്റെ കളിമെട എന്നും വികസിക്കുന്ന ഈ ഭൂമിക ഒരിക്കലും നമ്മെ അത്ഭുതപ്പെടുതാതിരിക്കില്ല. അതിനാലാണ് എത്ര ഫുട്ബാൾ വികസിച്ചാലും എന്നും ഇവിടെ കളി കവിതയാകുന്നത്, എതിരാളികൾക്ക് സൗന്ദര്യത്തിന്റെ ഭീതി സമ്മാനിക്കുന്നത്. കാരണം അവിടെ ഫുട്‌ബോൾ ഒഴിവുസമയത്തുമാത്രം ഓർക്കുന്ന ഒന്നല്ല, ജീവിനാഡിയാണ്.