ക്ലബ്ബ് ഫുട്‌ബോളിലെ ആറ് കിരീടവും സ്വന്തമാക്കുന്ന ലോകത്തിലെ പ്രായം കുറഞ്ഞ താരമായി എഡ്വാര്‍ഡോ കാമവിങ്ങ. റയല്‍ മാഡ്രിഡിന്റെ ഈ ഫ്രഞ്ച് താരത്തെ പുകഴ്ത്തി നിരവധിയാളുകളാണ് രംഗത്തെത്തിയത്.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ലോസ് ബ്ലാങ്കോസിനൊപ്പം ചേര്‍ന്ന കാമവിങ്ങ ഇതിനകം ലാ ലിഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ്, കോപ്പ ഡെല്‍ റേ, സൂപ്പര്‍കോപ്പ, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നീ ടൈറ്റിലുകള്‍ നേടിക്കഴിഞ്ഞു. തന്റെ 20ാം വയസില്‍ തന്നെ ക്ലബ്ബ് ഫുട്‌ബോള്‍ കരിയര്‍ സമ്പൂര്‍ണമാക്കിയിരിക്കുകയാണ് താരം.
റയല്‍ മാഡ്രിഡിലെ നിര്‍ണായക താരങ്ങളില്‍ ഒരാളാണ് കാമവിങ്ങ. ഈ സീസണില്‍ ക്ലബ്ബിനായി 52 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. ഒരു ഹേറ്ററിനെ പോലും സമ്പാദിക്കാത്ത താരമാണ് കാമവിങ്ങയെന്നാണ് ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മൂന്ന് മാസം കൂടുമ്പോള്‍ ക്ലബ്ബിനായി ഓരോ ട്രോഫികള്‍ വീതം നേടുന്ന അപൂര്‍വ താരമെന്നും ട്വീറ്റുകളുണ്ട്.
അതേസമയം, കോപ്പ ഡെല്‍ റേ ട്രോഫിയില്‍ റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു. 2014ന് ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡ് ഈ ടൈറ്റില്‍ തങ്ങളുടെ പേരിലാക്കുന്നത്. ഈ സീസണിലെ മൂന്നാമത്തെ ട്രോഫിയാണ് റയല്‍ സ്വന്തമാക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലും മികച്ച പ്രകടനമാണ് ക്ലബ്ബ് കാഴ്ചവെക്കുന്നത്.
കോപ്പയില്‍ ഒസാസുനക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി റോഡ്രിഗോയാണ് ലോസ് ബ്ലാങ്കോസിനായി തിളങ്ങിയത്. കളിയുടെ 2, 70 മിനിട്ടുകളിലായിരുന്നു താരം വല കുലുക്കിയത്. 58ാം മിനിട്ടില്‍ ലൂക്കാസ് ടോറോ ഒസാസുനക്കായി ആശ്വാസ ഗോള്‍ നേടി.
മെയ് 10ന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം. സെമി ഫൈനലിലെ ഒന്നാം പാദ മത്സരം സാന്തിയാഗോ ബെര്‍ണബ്യൂവിലാണ് നടക്കുക.
Content Highlights: Camavinga becomes the youngest player who wins all six trophies in club football