| Monday, 27th February 2023, 3:29 pm

'മുസ്‌ലിങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കണം'; വിദ്വേഷം പരത്തി വീണ്ടും ഹിന്ദുത്വവാദികൾ; പ്രസംഗം സുപ്രീം കോടതി വിധി ലംഘിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുസ്‌ലിം സമുദായത്തിനെ സാമ്പത്തികമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ജൻ ആക്രോശ് മോർച്ച. ഞായറാഴ്ച മുംബൈയിൽ നടന്ന ചടങ്ങിലായിരുന്നു മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർന്നത്.

ലവ് ജിഹാദിനെയും ലാൻഡ് ജിഹാദിനെയും അപലപിച്ചു കൊണ്ടായിരുന്നു സകൽ ഹിന്ദു സമാജ് റാലി നടത്തിയത്. ബി.ജെ.പി എം.എൽ.എ ഗണേഷ് നായിക്കും മറ്റ് ബി.ജെ.പി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തതായി ഇന്ത്യൻ എക്സ്പ്രസ്സ്‌ റിപ്പോർട്ട്‌ ചെയ്യുന്നു.

വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.

നവി മുംബൈയിൽ ലാൻഡ് ജിഹാദ് സാധാരണ കാര്യമായി മാറിയെന്നും പച്ചക്കറി വിപണികൾ മുസ്‌ലിങ്ങൾ തട്ടിയെടുത്തെന്നും ഹിന്ദുത്വ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സ്വയം പ്രഖ്യാപിത ആക്ടിവിസ്റ്റ് കാജൽ ഹിന്ദുസ്ഥാനി പറഞ്ഞു.

“പഴം പച്ചക്കറി പോലുള്ളവയുടെ വിപണി പൂർണമായും ജിഹാദികളുടെ കയ്യിലാണ്. മഹാരാഷ്ട്രയിലെ ജനങ്ങൾ സാമ്പത്തികമായി ഇവരെ ബഹിഷ്കരിക്കണമെന്ന് പ്രതിജ്ഞ ചെയ്യണം,” കാജൽ ഹിന്ദുസ്ഥാനി പറയുന്നു.

നിയമവിരുദ്ധമായി ദർഗകൾ നിർമ്മിക്കപ്പെടുന്നുണ്ടെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ഇവർ പറയുന്നു. നിർമിക്കാൻ അനുമതി ചോദിക്കാത്ത നിലക്ക് പൊളിച്ചു നീക്കാനും നമുക്ക് ആരുടേയും അനുവാദം വേണ്ടായെന്നും കാജൽ പറയുന്നു.

“നമ്മുടെ വീട്ടിലെ സ്ത്രീകൾ പുറത്തിറങ്ങി സർക്കാരിനെ ചോദ്യം ചെയ്യുമ്പോൾ മാത്രമേ നവി മുംബൈ ജിഹാദികളിൽ നിന്ന് മുക്തമാകൂ. നിയമവിരുദ്ധമായ ദർഗകൾ നിർമ്മിക്കാൻ അവർ അനുമതി തേടുന്നുണ്ടോ? പിന്നെ എന്തിനാണ് അവരുടെ സ്വത്ത് പൊളിക്കാൻ നിങ്ങൾക്ക് അനുമതി വേണ്ടത്?, ” കാജൽ ഹിന്ദുസ്ഥാനി ചോദിക്കുന്നു.

സംസ്ഥാനത്ത് മുസ്‌ലിങ്ങൾക്ക് സ്ഥലം വിൽക്കുകയോ അവരിൽ നിന്ന് സ്ഥലം വാങ്ങുകയോ ചെയ്യരുത്. ഇത്തരക്കാർക്ക് വീടുകൾ വാടകയ്ക്ക് നൽകരുതെന്നും ഇവർ പറയുന്നു.

അതേസമയം വിദ്വേഷ പ്രസംഗം ഇല്ലെങ്കിൽ മാത്രമേ പ്രകടനത്തിന് അനുമതി നൽകു എന്ന് നേരത്തെ സുപ്രീം കോടതി ജസ്റ്റിസുമാരായ കെ.എം ജോസഫ്, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇത് ധിക്കരിച്ചു കൊണ്ടാണ് സകൽ ഹിന്ദു സമാജിന്റെ പരിപാടി നടന്നത്.

Content Highlight: Calls to boycott Muslims given at Mumbai’s ‘Hindu Jan Aakrosh Morcha’

We use cookies to give you the best possible experience. Learn more