| Wednesday, 28th October 2020, 9:07 am

അതിരു കടക്കുന്നു; ഫ്രാന്‍സിനെതിരെയുള്ള എര്‍ദൊഗാന്റെ ആഹ്വാനങ്ങള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളിലും ഫ്രാന്‍സിനെതിരെയുള്ള നിരോധനാഹ്വാനങ്ങളിലും പ്രതികരിച്ച് യൂറോപ്യന്‍ യൂണിയന്‍.

‘ ഏതെങ്കിലും അംഗരാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ നടത്തുന്നത് തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും അകറ്റുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വക്താവ് പ്രതികരിച്ചത്.

നിലവില്‍ തുര്‍ക്കി യൂറോപ്യന്‍ യൂണിയന്‍ അംഗമല്ല. 1987 ലാണ് യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ തുര്‍ക്കി അപേക്ഷ നല്‍കിയത്. 2005 ല്‍ യൂറോപ്യന്‍ യൂണിയനുമായി ഔപചാരിക പ്രവേശന ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഈ ചര്‍ച്ചകള്‍ ഇപ്പോള്‍ അനിശ്ചിതാവസ്ഥയിലാണ്.

തുര്‍ക്കിക്കെതികരെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനകം രംഗത്തു വന്നിട്ടുണ്ട്. ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ എര്‍ദൊഗാന്‍ മാക്രോണിനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നിരുന്നു. മാക്രോണിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മാക്രോണിനെതിരെ എര്‍ദൊഗാന്‍ നടത്തിയ പരാമര്‍ശം അപമാനകരമെന്നാണ് ജര്‍മ്മനി പ്രതികരിച്ചത്. എര്‍ദൊഗാന്റെ പരാമര്‍ശം അപകീര്‍ത്തിപരമാണെന്നും ഒരുതരത്തിലും അംഗീകരിക്കില്ലെന്നുമാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ പ്രതിനിധി സ്റ്റീഫന്‍ സീബര്‍ട്ട് പറഞ്ഞിരിക്കുന്നത്.

ഫ്രാന്‍സിനൊപ്പം ശക്തമായി നിലകൊള്ളുന്നെന്നാണ് ഡച്ച് പ്രധാനമന്ത്രി മാര്‍ക് റുട്ടെ അഭിപ്രായപ്പെട്ടത്.

എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത് തുര്‍ക്കിയെ സംബന്ധിച്ച് നിലവില്‍ പ്രാഥമിക പരിഗണനയില്ലാത്തതാണ്. ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതല്‍ ശക്തമായ നയതന്ത്ര ബന്ധം വെക്കുന്നതിനാണ് എര്‍ദൊഗാന്‍ അടുത്തിടെയായി ശ്രദ്ധ നല്‍കുന്നത്.

അതേസമയം തുര്‍ക്കി സാമ്പത്തികരംഗം തിരിച്ചടി നേരിടുന്ന ഘട്ടത്തിലാണ് എര്‍ദൊഗാന്‍ ലോകരാജ്യങ്ങളുമായി കൊമ്പു കോര്‍ക്കുന്നത്. ഇത് തുര്‍ക്കിക്കു തിരിച്ചടിയാവുമെന്നാണ് നീരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഫ്രാന്‍സിനെതിരായ എര്‍ദൊഗാന്റെ പരാമര്‍ശം

ഫ്രാന്‍സിനെതിരെ നിരോധനാഹ്വാനവുമായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

ചരിത്രാധ്യാപകന്‍ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടതിനു പിന്നാലെ ഫ്രാന്‍സില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നെന്ന് ആരോപിച്ചാണ് എര്‍ദൊഗാന്റെ ആഹ്വാനം.

രണ്ടാം ലോകമഹായുദ്ധത്തില്‍ ജൂതര്‍ക്കെതിരെ നടന്ന വിദ്വേഷ ക്യാമ്പയിനു സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്നതെന്നും എര്‍ദൊഗാന്‍ അങ്കാരയില്‍ നടന്ന ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.

മുസ്ലിങ്ങള്‍ക്കെതിരെയുള്ള പ്രചാരണം നിര്‍ത്തണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനോട് ആവശ്യപ്പെടണമെന്നും എര്‍ദൊഗാന്‍ പറഞ്ഞു.

ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ വിപണിയില്‍ ഫ്രാന്‍സിനെതിരെ അനൗദ്യോഗിക വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് തുര്‍ക്കി പ്രസിഡന്റ് പരസ്യമായി വിലക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ മാക്രോണിന്റെ മാനസികനില പരിശോധിക്കണമെന്ന് എര്‍ദൊഗാന്‍ പരിഹസിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Calls to boycott France put Turkey “even further” from EU

Latest Stories

We use cookies to give you the best possible experience. Learn more