ദേശീയ ലോക്ക്ഡൗണ്‍ വേണം, അല്ലാതെ കൊവിഡിനെ പിടിച്ചുകെട്ടാനാകില്ല; കേന്ദ്രസര്‍ക്കാരിനോട് വ്യാപാര സംഘടന
Lock Down
ദേശീയ ലോക്ക്ഡൗണ്‍ വേണം, അല്ലാതെ കൊവിഡിനെ പിടിച്ചുകെട്ടാനാകില്ല; കേന്ദ്രസര്‍ക്കാരിനോട് വ്യാപാര സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd May 2021, 11:06 pm

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് വ്യാപാര സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി). കൊവിഡിന്റെ ശൃംഖല തകര്‍ക്കാന്‍ ലോക്ക്ഡൗണിനെ സാധ്യമാകൂവെന്നും സി.എ.ഐ.ടി പറഞ്ഞു.

തങ്ങള്‍ നടത്തിയ സര്‍വേയില്‍ 67 ശതമാനം പേരും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് അഭിപ്രായപ്പെട്ടതെന്നും സി.എ.ഐ.ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇക്കാര്യം സി.എ.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്.

‘കൊവിഡ് രണ്ടാം തരംഗത്തില്‍ ലോക്ക്ഡൗണ്‍ അത്യാവശ്യമാണ്. അതിന് സാധിക്കുന്നില്ലെങ്കില്‍ രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളെങ്കിലും പൂര്‍ണ്ണമായി അടച്ചിടണം. അവശ്യസേവനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഞങ്ങള്‍ എത്തിച്ചുകൊള്ളാം,’ സി.എ.ഐ.ടി അറിയിച്ചു.

നേരത്തെ ലോക്ക്ഡൗണ്‍ ആവശ്യവുമായി ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയയും രംഗത്തെത്തിയിരുന്നു.

കൊവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാന്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലുള്ള സ്ഥലങ്ങളിലെല്ലാം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഗുലേറിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വാരാന്ത്യ ലോക്ഡൗണും രാത്രി കര്‍ഫ്യൂകളും കൊണ്ട് മാത്രം കൊവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയില്ലെന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ പോലെ ചിലയിടങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Calls for nationwide lockdown intensify as Covid-19 cases rise CAIT