| Tuesday, 20th June 2023, 7:40 pm

ഡയലോഗ് പോലുമില്ലാത്ത ആ രണ്ട് സീനുകള്‍ കണ്ടാണ് ലിജോ ആമേനിലേക്ക് എന്നെ വിളിച്ചത് : ജോയ് മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്നയും റസൂലും എന്ന സിനിമയിലെ ഡയലോഗില്ലാത്ത രണ്ട് സീനുകള്‍ കണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്നെ ആമേനിലേക്ക് വിളിച്ചത് എന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു ആക്ടറെ സംബന്ധിച്ച് ഒരു സെക്കന്റ് കിട്ടിയാലും മതി അഭിനയിക്കാനെന്നും അദ്ദേഹം പറഞ്ഞു. സ്‌പെന്‍സര്‍ ട്രേസി എന്ന നടന്‍ സെക്കന്റുകള്‍ മാത്രം അഭിനയിച്ച് അവാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയില്‍ ഞാന്‍ വേണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നതാണ്. ഒരു ദിവസം, ഒരു സീന്‍ മാത്രം എന്നൊക്കെ പറയുമ്പോള്‍ ഞാന്‍ ഇല്ല എന്നാണ് പറയാറ്. ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം കുറെ അധികം ചെയ്യാനുണ്ടെങ്കിലാണ് ഒരു ആക്ടര്‍ ആകുക എന്നാണ് പൊതുവെയുള്ള ധാരണ. അത് മഹാമണ്ടത്തരമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. സ്‌പെന്‍സര്‍ ട്രേസി എന്ന നടന്‍ പത്തോ, പതിനഞ്ചോ സെക്കന്റുകള്‍ മാത്രം അഭിനയിച്ചുകൊണ്ട് അവാര്‍ഡ് വാങ്ങിപ്പോയിട്ടുണ്ട്. ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം ഒരു സെകന്റ് കിട്ടിയാല്‍ മതി.

അന്നയും റസൂലും എന്ന സിനിമയില്‍ എനിക്ക് ഒരു ഡയലോഗ് പോലുമില്ല. എന്റെ തിരിച്ചുവരവ് എന്ന് പറയുന്ന ഒരു സിനിമയായിരുന്നു അത്. രാജീവ് രവി സൗഹൃദത്തിന്റെ പുറത്താണ് അതിലേക്ക് വിളിച്ചത്. പിന്നീട് എന്നോട് പറഞ്ഞ ക്യാരക്റ്റര്‍ വെട്ടിച്ചുരുക്കി ഒരു ഡയലോഗ് മാത്രമാണുണ്ടായിരുന്നത്.

ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, എന്തിനാ ഡയലോഗ്, അത് ഡബ്ബ് ചെയ്യാന്‍ ഇങ്ങോട്ട് തന്നെ വരണ്ടേ എന്ന്. ഡയലോഗില്ലാതെ നമുക്ക് ഒപ്പിക്കാമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ ഡയലോഗ് ഇല്ലാതെതന്നെയാണ് ആ സിനിമയില്‍ ഞാന്‍ പെര്‍ഫോം ചെയ്തത്. അതില്‍ രണ്ട് സീനിലേ വരുന്നുള്ളൂ. പക്ഷെ ആ രണ്ട് സീനുകള്‍ ശ്രദ്ധിച്ചത് കൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി ആമേനിലേക്ക് എന്നെ വിളിക്കുന്നത്.

നമുക്ക് കിട്ടുന്ന സ്‌പേസ് കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടത്. ഇപ്പോ ഞാന്‍ ഷാജി കൈലാസിന്റെ മകന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുണ്ട്. അത് ഒരു ദിവസമേ ഷൂട്ടുള്ളൂ. ചിലപ്പോള്‍ ഒന്നോ രണ്ടോ സീനേ ഉണ്ടാകുകയുള്ളൂ. ഈ അടുത്ത് സുരേഷ് ഗോപിക്കൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചു. അതില്‍ ഒരു സീനേയുള്ളൂ. ആ ഒരു സീന്‍ ഞാന്‍ ബിഷപ്പാണ്. അത് സാറ് ചെയ്താലേ ശരിയാകൂ എന്ന് അവര്‍ പറഞ്ഞാല്‍ എന്ത് ചെയ്യും. എന്നിലത്രയും വിശ്വാസമുള്ളത് കൊണ്ടാണ് അവരെന്നെ വിളിക്കുന്നത്. അത് എനിക്ക് വലിയ സന്തോഷം തരുന്ന കാര്യമാണ്. പോരാത്തതിന് ഞാന്‍ പറയുന്ന പ്രതിഫലവും അവര്‍ തരുന്നുണ്ട്,’ ജോയ് മാത്യു പറഞ്ഞു.

content highlight: Calling me to Lijojospellissery Amen after watching the dialogue less scenes of the movie Annayum Rasoolum

We use cookies to give you the best possible experience. Learn more