കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപത്തിന്റെ പരിധിയില്‍; ട്രിബ്യൂണല്‍
World News
കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപത്തിന്റെ പരിധിയില്‍; ട്രിബ്യൂണല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th May 2022, 10:38 pm

ലണ്ടന്‍: ഒരാളെ കഷണ്ടിയെന്ന് വിളിക്കുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്ന് ഇംഗ്ലണ്ടിലെ ഒരു എംപ്ലോയ്മെന്റ് ട്രിബ്യൂണലിന്റെ വിധി. ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും വിവേചനപരമാണെന്നും ട്രിബ്യൂണല്‍ പറഞ്ഞു.

രണ്ടരപതിറ്റാണ്ടോളം ജോലി ചെയ്തിരുന്ന യോര്‍ക്ക്ഷയര്‍ ആസ്ഥാനമായുള്ള ബിസിനസ് സംരംഭത്തില്‍ നിന്ന് പിരിച്ചുവിട്ട ടോണി ഫിന്‍ എന്നയാള്‍ ഫയല്‍ ചെയ്ത കേസിലാണ് ട്രിബ്യൂണലിന്റെ വിധി. ജഡ്ജി ജോനാഥന്‍ ബ്രെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രിബ്യൂണലാണ് വിധി പറഞ്ഞത്.

കമ്പനിയില്‍ നിന്ന് പുറത്താക്കുന്നതിന് മുമ്പ് ഒരു സഹപ്രവര്‍ത്തകന്‍ തന്നെ കഷണ്ടിക്കാരനെന്ന് വിളിച്ച് ലൈംഗിക അധിഷേപം നടത്തിയതായി ടോണി പരാതിയില്‍ ഉന്നയിക്കുന്നത്. ടോണിയുടെ പിരിച്ചുവിടല്‍ അന്യായമാണെന്നും ട്രിബ്യൂണല്‍ വിധിച്ചു.

ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് നീചവും തരംതാഴ്ത്തുന്നതുമാണെന്നും ട്രിബ്യൂണല്‍ വിധിയില്‍ പറഞ്ഞു.

‘ഒരാളെ പരിചയപ്പെടുത്താന്‍ കഷണ്ടി ഉപയോഗിക്കുന്നത് വിവേചനമാണ്. സ്ത്രീകളും പുരുഷന്മാരും ഒരുപക്ഷേ കഷണ്ടിയുള്ളവരായിരിക്കാം. എന്നാല്‍, കഷണ്ടി സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്.

ജോലിസ്ഥലത്ത് ഒരു പുരുഷന്റെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെ പരാമര്‍ശിക്കുന്നതിന് തുല്യമാണ്,’ട്രിബ്യൂണല്‍ വിധിയില്‍ പറഞ്ഞു.