'ആ വസ്തുവിനെ ശിവലിംഗം എന്ന് വിളിക്കുന്നത് ഹരജിക്കാരുടെയോ കോടതി കമ്മീഷണറുടേയോ അവകാശങ്ങള്‍ക്ക് എതിരാണ്'; പള്ളി പൊളിക്കാനുള്ള അപേക്ഷക്കെതിരെ മസ്ജിദ് കമ്മിറ്റി
ന്യൂദല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ
ഉള്‍വശം പൊളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി. പള്ളിയില്‍ നിന്നും ശിവിലംഗം കണ്ടെത്തിയെന്ന് ആരോപിച്ചാണ് ഹിന്ദുത്വ വാദികള്‍ പള്ളിയുടെ ഭാഗം പൊളിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. കണ്ടെത്തിയെന്ന് ആരോപിക്കുന്ന വസ്തുവിനെ ശിവലിംഗം എന്ന് വിളിക്കുന്നത് ഹരജിക്കാരുടെയോ കോടതി കമ്മീഷണറുടേയോ അവകാശങ്ങള്‍ക്ക് എതിരാണെന്നും മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി.
ഗ്യാന്‍വാപി മസ്ജിദില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വീഡിയോ സര്‍വേയുടെ റിപ്പോര്‍ട്ട് സംഘം വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു. പള്ളിയിലെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് പള്ളിയില്‍ സര്‍വേ നടത്താന്‍ കോടതി അനുമതി നല്‍കിയത്.
സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദുത്വ വാദികള്‍ കോടതിയില്‍ കൂടുതല്‍ ഹരജി സമര്‍പ്പിക്കേണ്ടതില്ലെന്നും മസ്ജിദ് കമ്മിറ്റി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
പള്ളിയുടെ ഏത് മതില്‍ പൊളിക്കുമെന്ന് പറഞ്ഞാലും അത് പള്ളിയുടെ തകര്‍ച്ചയ്ക്ക് കാരണമാകും. പള്ളിക്കെതിരായ ഏത് നടപടിയും മതവികാരത്തെ വ്രണപ്പെടുത്തുമെന്നും മസ്ജദിക് കമ്മിറ്റി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
വിഷയത്തില്‍ ക്രമസമാധാനം പാരിപാലിക്കേണ്ടത് കോടതിയാണെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഹിന്ദുത്വ വാദികള്‍ ഉന്നയിക്കുന്ന ശിവലിംഗ പരാമര്‍ശം സാങ്കല്‍പ്പികമാണെന്നും ഇതിനെ അടിസ്ഥാനപ്പെടുത്തി കോടതി ഉത്തരവിറക്കരുതെന്നും മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍വേ റിപ്പോര്‍ട്ട് വെളിപ്പെടുത്താത്ത് സാഹചര്യത്തില്‍ ശിവലിംഗം കണ്ടെത്തിയ ഭാഗം പൊളിക്കണമെന്ന അപേക്ഷ സ്വീകരിക്കാനാകുന്നതല്ലെന്നും, ആരോപണ വിധേയമായ ഭാഗത്തിന്‌റെ വിസ്തീര്‍ണവും കണക്കുകളും സംഘം രേഖപ്പെടുത്തിയതിനാല്‍ സര്‍വേയില്‍ തൃപ്തരാണെന്നും മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി.
രണ്ട് ദിവസത്തിനിടെ രണ്ട് തവണയാണ് മസ്ജിദിന്റെ ബേസ്‌മെന്റില്‍ സംഘം പരിശോധന നടത്തിയത്. പള്ളി പൊളിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ അത് 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും കമ്മിറ്റി പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവരാത്ത സാഹചര്യത്തില്‍ പോലും മാധ്യമങ്ങള്‍ ഫൗണ്ടനെ ശിവലിംഗമെന്ന് കാണിച്ചാണ് പ്രദര്‍ഖിപ്പിക്കുന്നത്. ഇത് അത്ഭുതകരമാണെന്നും കമ്മിറ്റി വ്യക്തമാക്കി.