| Saturday, 15th February 2020, 7:40 pm

'വിയോജിപ്പിന്റെ ശബ്ദങ്ങളെ രാജ്യദ്രോഹമെന്നും ജനാധിപത്യവിരുദ്ധമെന്നും മുദ്രകുത്തുന്നത് ജനാധിപത്യ ഹൃദയത്തിലേല്‍ക്കുന്ന ആഘാതം': ജസ്റ്റിസ് ചന്ദ്രചൂഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിയോജിപ്പിന്റെ ശബ്ദങ്ങളെ രാജ്യദ്രോഹമെന്നും ജനാധിപത്യവിരുദ്ധമെന്നും മുദ്രകുത്തന്നത് ജനാധിപത്യത്തിന്റെ ഹൃദയത്തിലേല്‍പ്പിക്കുന്ന ആഘാതമാണെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ചന്ദ്രചൂഡ്. അഹമ്മദാബാദില്‍ 15-ാമത് പി.ഡി മെമ്മോറിയലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് രാഷ്ട്രീയ സംവാദങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയല്ല, മറിച്ച് അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. നിയമവാഴ്ചയ്ക്ക് പ്രതിജ്ഞാബദ്ധമായ ഒരു സംസ്ഥാനം നിയമാനുസൃതവും സമാധാനപരവുമായ പ്രതിഷേധങ്ങളെ തടയുകയല്ല, മറിച്ച് ആശയസംവാദങ്ങള്‍ക്ക് ഇടമൊരുക്കുകയാണ് വേണ്ടത്’, ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

നിയമത്തിന്റെ പരിധിയില്‍നിന്നുകൊണ്ടുതന്നെ, തങ്ങളുടെ പൗരന്മാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പുരോഗമന ജനാധിപത്യം ചെയ്യേണ്ടത്. നിലവിലുള്ള നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശം ഉള്‍പ്പടെ അവര്‍ക്കുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഈ വിയോജിപ്പിന്റെ ശബ്ദങ്ങളെ ദേശവിരുദ്ധമെന്നും ജനാധിപത്യ വിരുദ്ധമെന്നും മുദ്രകുത്തുന്നതോടെ അത് നമ്മുടെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കേണ്ടതും ജനാധിപത്യ അഭിവൃദ്ധിക്കു വേണ്ടി നിലകൊള്ളേണ്ടതുമായ ഉത്തരവാദിത്തങ്ങള്‍ക്കുമേല്‍ ഏല്‍പിക്കുന്ന തിരിച്ചടിയാണ്’, ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more