| Tuesday, 14th August 2018, 8:24 pm

'കള്ളനെ കള്ളനെന്നു വിളിക്കുന്നത് അപകീര്‍ത്തിപ്പെടുത്തലല്ല'; ശ്രീകൃഷ്ണ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് അന്വേഷിക്കാനുത്തരവിട്ട ആചാര്യുലു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കള്ളനെ കള്ളനെന്നു വിളിക്കുന്നത് അപകീര്‍ത്തിപ്പെടുത്തലല്ലെന്ന് മുന്‍ ഇന്‍ഫോര്‍മേഷന്‍ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യുലു. നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പേരില്‍ നടപടികള്‍ക്കു വിധേയനാകേണ്ടി വന്ന ആചാര്യുലു, നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ഡെക്കാന്‍ ഹെറാള്‍ഡിനു വേണ്ടിയെഴുതിയ കുറിപ്പിലാണ് പ്രസ്താവന നടത്തിയിട്ടുള്ളത്. വിവരാവകാശ നിയമത്തിനു തുരങ്കം വയ്ക്കുന്നതാണ് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളെന്നും, കമ്മറ്റിയെ നിശിതമായി വിമര്‍ശിക്കുന്ന കുറിപ്പില്‍ ആചാര്യുലു പറയുന്നു.

“ശ്രീകൃഷ്ണ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധവും അനാവശ്യവുമാണ്. വിവരാവകാശ നിയമത്തിലെ ഇപ്പോഴത്തെ സെക്ഷനുകള്‍ ഉദ്യോഗസ്ഥരുടെ സ്വകാര്യതയെയും വിവരം പങ്കുവയ്ക്കുന്നതിലുള്ള പൊതു താല്‍പര്യത്തെയും തമ്മില്‍ വ്യക്തമായി വേര്‍തിരിക്കുന്നവയാണ്. വിവരാവകാശ നിയമത്തില്‍ ശ്രീകൃഷ്ണ കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ തള്ളിക്കളയേണ്ടതുണ്ട്.” ആചാര്യുലുവിന്റെ കുറിപ്പില്‍ പറയുന്നു.

പൊതു താല്‍പര്യത്തേക്കാള്‍ കൂടുതല്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്ന ഘട്ടത്തില്‍ പി.ഐ.ഒയ്ക്ക് വിവരം പുറത്തുവിടുന്നത് നിഷേധിക്കാനാകും എന്ന നിര്‍ദ്ദേശത്തെയാണ് ആചാര്യുലു എതിര്‍ക്കുന്നത്. നിഷ്‌കളങ്കമായി തോന്നിയേക്കാമെങ്കിലും, ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന പല പദങ്ങളും ഉപയോഗിക്കുന്നതിനാല്‍ ഈ ഭേദഗതി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ആചാര്യുലു ചൂണ്ടിക്കാട്ടുന്നു.

Also Read: രൂപയുടെ മൂല്യത്തകര്‍ച്ചയെക്കുറിച്ച് മോദി പണ്ടു പറഞ്ഞത് വൈറലാവുന്നു; “പരമോന്നത നേതാവിന്റെ മാസ്റ്റര്‍ ക്ലാസ്” പങ്കുവച്ച് രാഹുല്‍

വിവരാവകാശ നിയമത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കാനേ ഇത്തരം മാറ്റങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിക്കുന്നു. ശ്രീകൃഷ്ണ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍ വിവരാവകാശ നിയമം പാടേ ഉപയോഗശൂന്യമാകുമെന്നാണ് രാഹുലിന്റെ പക്ഷം. ഇന്ത്യക്കാരുടെ ആവശ്യം സത്യമറിയണമെന്നതാണ്. എന്നാല്‍ ബി.ജെ.പി ശ്രമിക്കുന്നതാകട്ടെ, സത്യങ്ങള്‍ മറച്ചുവയ്ക്കാനും. ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കപ്പെടേണ്ടതാണ് സത്യങ്ങളെന്നും, അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യാന്‍ അവര്‍ക്കാകരുതെന്നും ബി.ജെ.പി വിശ്വസിക്കുന്നുവെന്നും ഭേദഗതിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വിറ്റര്‍ കുറിപ്പില്‍ രാഹുല്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more