മുംബൈ: സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിച്ച് പരിഹസിക്കുന്നത് ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്ന് മുംബൈയിലെ സ്‌പെഷ്യല്‍ കോടതി ഉത്തരവ്. ഐ.പി.സി സെക്ഷന്‍ 354 പ്രകാരം ഇത് കുറ്റകരാമാണെന്നും കോടതി പ്രസ്താവിച്ചു.
മുംബൈയിലുള്ള ബിസിനസുകാരനായ യുവാവിന് സമാന കേസില്‍ ഒന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ചുകൊണ്ടാണ് കോടതിയുടെ പരമാര്‍ശം. ‘ക്യാ ഐറ്റം, കിതര്‍ ജാ രഹി ഹോ’ എന്ന് ചോദിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുടി പിടിച്ചുവലിച്ചു എന്നായിരുന്നു യുവാവിനെതിരായ പരാതി.
അബ്രാര്‍ ഖാന്‍ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. സ്ത്രീകളെ ആക്ഷേപിക്കുന്നതും മോശമായി ചിത്രീകരിക്കുന്നതുമായ പ്രയോഗമാണിത്, ഇത് മനപ്പൂര്‍വം സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമമായി മാത്രമേ കാണാനാകൂ എന്നും ജഡ്ജ് എസ്.ജെ അന്‍സാരി പറഞ്ഞു.
പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട് പ്രകാരം യുവാവിനെ കുറ്റവിമുക്തനാക്കാന്‍ സാധിക്കില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും, അത് ഇത്തരം റോഡുകളിലെ പൂവാലന്‍മാര്‍ക്ക് പാഠമാകണമെന്നും ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞു.
മുംബൈയിലെ സക്കിനാക്കിയിലേക്ക് താമസം മാറിയ പെണ്‍കുട്ടിയെ, പ്രതിയും സുഹൃത്തുക്കളും പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ച്ചയായി പിന്തുടരുകയും ‘ഐറ്റം’ എന്ന് പറഞ്ഞ് അപമാനിക്കുന്നതും പതിവായിരുന്നുവെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്.
എന്നാല്‍ തുടര്‍ന്നും പരാതിക്കാരിയെ പിന്തുടര്‍ന്ന പ്രതികള്‍, 2015 ജൂലൈ 14ന് സ്‌കൂള്‍ വിട്ട് വരികയായിരുന്ന 16കാരിയെ മുടിയില്‍ പിടിച്ച് വലിക്കുകയും ‘ക്യാ ഐറ്റം കിതര്‍ ജാ രാഹി ഹോ?’ എന്നും, ‘ഏ ഐറ്റം സണ്‍ നാ’ എന്ന് കമന്റ് പറയുകയും ചെയ്തു.
എതിര്‍ത്തപ്പോള്‍ തെറി വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഹെല്‍പ് ലൈനില്‍ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തി പൊലീസ് എഫ്.ഐ.ആറിട്ട് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നേടിയ പ്രതി അബ്രാര്‍, കോടതിയില്‍ മറ്റൊരു വാദം ഉന്നയിക്കുകയായിരുന്നു.
പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നെന്നും, ബന്ധം അവളുടെ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലാത്ത സാഹചര്യത്തില്‍ കള്ളക്കേസ് കൊടുക്കുകയായിരുന്നു എന്നുമായിരുന്നു വാദം. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എതിര്‍ വാദങ്ങള്‍ തെറ്റാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.