ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫാസിസ്റ്റ് എന്ന് വിളിച്ചതില്‍ ഉറച്ച് നില്‍ക്കുന്നതായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു.
‘രാജ്യത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരിയെന്ന് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ക്യാമറയ്ക്ക് മുന്നിലാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. എന്റെ വാക്കുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു’ ചന്ദ്രശേഖര റാവു പറഞ്ഞു.
കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന എന്‍.ഡി.എ സര്‍ക്കാരുമായി ഭരണഘടനാ ബന്ധം തുടരുമെന്ന് പറഞ്ഞ റാവു മൂന്നാം മുന്നണിയ്ക്കായ ശ്രമങ്ങളുമായി മുന്നോട്ടു പോവുമെന്നും പറഞ്ഞു.
പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും ചന്ദ്രശേഖരാ റാവു പങ്കെടുക്കുന്നില്ല. നേരത്തെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും നിതി ആയോഗ് യോഗത്തിലും റാവു പങ്കെടുത്തിരുന്നില്ല. അതേസമയം ചന്ദ്രശേഖര റാവുവിന്റെ മകന്‍ കെ.ടി രാമറാവു യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തില്‍ നരേന്ദ്രമോദി വിളിച്ച യോഗത്തില്‍ ചന്ദ്രബാബു നായിഡുവും മമതാ ബാനര്‍ജിയും പങ്കെടുക്കുന്നില്ല.