ന്യൂദല്‍ഹി: എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി വി. ശിവദാസനെ തിരഞ്ഞെടുത്തു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഋതബ്രതാ ബാനര്‍ജിയാണ് ജനറല്‍ സെക്രട്ടറി.
ഷിബു ഖാനെ വൈസ് പ്രസിഡന്റായും ടി.ബി ബിനീഷിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് പി.കെ ബിജുവിന് തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ശിവദാസനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.[]
മധുരയില്‍ നടക്കുന്ന എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വാണിജ്യവത്കരണത്തെ പ്രതിരോധിക്കണമെന്നും ജനാധിപത്യ അവകാശങ്ങള്‍ സമൂഹത്തിലെ നാനാതുറയില്‍പ്പെട്ടവര്‍ക്കും ഉറപ്പാക്കണമെന്നും ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.
നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സംഘടനാ റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നത്. സമീപകാലത്ത് എസ്.എഫ്.ഐയില്‍ വന്‍ കൊഴിഞ്ഞുപോക്കാണുണ്ടായിരിക്കുന്നതെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പശ്ചിംബംഗാളില്‍ നിന്ന് മാത്രം 6 ലക്ഷത്തോളം പേരാണ് കൊഴിഞ്ഞുപോയിരിക്കുന്നത്. ഋതബ്രതാ ബാനര്‍ജി ബംഗാളിലെ നേതൃത്വത്തില്‍ ഉണ്ടായിരുന്നിട്ട് കൂടിയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെ.എന്‍.യുവിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം യാതൊരു ശ്രമവും നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.