വംശഹത്യക്ക് പിന്തുണ; ഋഷി സുനകിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് സെന്‍ട്രല്‍ മസ്ജിദ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
World News
വംശഹത്യക്ക് പിന്തുണ; ഋഷി സുനകിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് സെന്‍ട്രല്‍ മസ്ജിദ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th March 2024, 9:06 am

ലണ്ടന്‍: ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ സന്ദര്‍ശനത്തില്‍ ലണ്ടനിലെ സെന്‍ട്രല്‍ മസ്ജിദ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രഈലിന് സുനക് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മസ്ജിദ് ബഹിഷ്‌കരിക്കാന്‍ നഗരത്തിലെ മുസ്‌ലിം വിഭാഗം തീരുമാനിച്ചത്.

റമദാന്റെ ആദ്യദിനം സുനക് പള്ളിയില്‍ എത്തിയിരുന്നു. മസ്ജിദിന്റെ ഡയറക്ടര്‍ ജനറല്‍ നേതൃത്വം നല്‍കിയ പരിപാടിയിലൂടെ രാജ്യത്തെ മുഴുവന്‍ ഇസ്‌ലാം മത വിശ്വാസികള്‍ക്കും സുനക് റമദാന്‍ ആശംസകള്‍ നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ സുനകിന്റെ ആശംസ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായി. പ്രധാനമന്ത്രി പ്രാദേശിക മുസ്ലിങ്ങളെ വഞ്ചിച്ചുവെന്ന് പരാതി ഉയര്‍ന്നു.

റീജന്റ്‌സ് പാര്‍ക്ക് മോസ്‌ക് എന്നും അറിയപ്പെടുന്ന പ്രസ്തുത മസ്ജിദ് സ്റ്റാര്‍ബക്സിനെപ്പോലെ ബഹിഷ്‌കരിക്കപ്പെടേണ്ടതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതോടെ ബ്രിട്ടനില്‍ ഇസ്ലാമോഫോബിയ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്രഈലിന് പിന്തുണ നല്‍കുന്നതിനെ തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂപപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ലണ്ടന്‍ മേയറായ സാദിഖ് ഖാന്‍ ഇസ്‌ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലാണെന്ന് ടോറി മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ലീ ആന്‍ഡേഴ്‌സണ്‍ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ വിദ്വേഷ പ്രസംഗത്തില്‍ ഋഷി സുനകിന്റെയും മന്ത്രിസഭയുടെയും നിശബ്ദത വംശീയതയെ അംഗീകരിക്കുന്നുവെന്ന് ഖാന്‍ ചൂണ്ടിക്കാട്ടി.

അതേസമയം യു.കെ പാര്‍ലമെന്റിലെ ഏതാനും എം.പിമാര്‍ ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും വില്‍പ്പന നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Content Highlight: Call to boycott Central Masjid after Rishi Sunak’s visit