ബി.ജെ.പി എം.പി തേജസ്വി സൂര്യയെ ജര്‍മനിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുത്; യൂറോപ്പിലെ ഇന്ത്യന്‍ സംഘടനകള്‍
World News
ബി.ജെ.പി എം.പി തേജസ്വി സൂര്യയെ ജര്‍മനിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുത്; യൂറോപ്പിലെ ഇന്ത്യന്‍ സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th October 2020, 3:04 pm

ന്യൂദല്‍ഹി: ബി.ജെ.പി എം.പി തേജസ്വി സൂര്യയെ ജര്‍മനിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുതെന്ന് യൂറോപ്പിലെ ഇന്ത്യന്‍ സംഘടനകള്‍. ഹാംബര്‍ഗില്‍ നടക്കാനിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്നവരുടെ ലിസ്റ്റില്‍ നിന്ന് തേജസ്വി സൂര്യയെ ഒഴിവാക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെട്ടത്.

ബി.ജെ.പി എം.പി പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ ജര്‍മ്മനിയില്‍ വിഭജനം നടക്കുമെന്നല്ലാതെ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് കൊണ്ട് മറ്റ് നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

‘ഹിന്ദുക്കളല്ലാത്ത വിഭാഗത്തോട് വിഭജനമനോഭാവം വെച്ചു പുലര്‍ത്തുന്ന നേതാവാണ് തേജസ്വി സൂര്യ. യൂറോപ്പിലെ ജനങ്ങള്‍ക്കിടയില്‍ തുല്യത ഇല്ലാതാക്കാന്‍ തേജസ്വിയുടെ പ്രസംഗം കാരണമാവും’, പ്രതിഷേധക്കാര്‍ കോണ്‍സുല്‍ ജനറലിന് അയച്ച കത്തില്‍ പറഞ്ഞു.

ഇന്ത്യ സോളിഡാരിറ്റി ജര്‍മനി, ഹ്യൂമാനിസം പ്രൊജക്ട്, സോളിഡാരിറ്റി ബെല്‍ജിയം, ഇന്ത്യന്‍സ് എഗെയ്ന്‍സ്റ്റ് സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ ഫിന്‍ലന്‍ഡ്, ഇന്ത്യന്‍ അലയന്‍സ് പാരിസ്, ചെന്നൈ സോളിഡാരിറ്റി ഗ്രൂപ്പ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് ഹാംബര്‍ഗിലെ ഇന്ത്യന്‍ കോണ്‍സുലിന് കത്തയച്ചത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ വിദ്യാഭ്യാസമില്ലാത്ത പഞ്ചര്‍വാലകളെന്ന് തേജസ്വി സൂര്യ വിശേഷിപ്പിച്ചിരുന്ന കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷവിഭാഗങ്ങളെ അധിക്ഷേപിക്കുന്ന ഒരാള്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കരുതെന്നും കത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Call for tejasvi surya removal from hamburg startup conferencv