ഫലസ്തീൻ അനുകൂല പ്രക്ഷോഭം; ക്ലാസുകൾ ഓൺലൈനായി നടത്താനൊരുങ്ങി അമേരിക്കയിലെ ക്യാമ്പസുകൾ
Worldnews
ഫലസ്തീൻ അനുകൂല പ്രക്ഷോഭം; ക്ലാസുകൾ ഓൺലൈനായി നടത്താനൊരുങ്ങി അമേരിക്കയിലെ ക്യാമ്പസുകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th June 2024, 2:28 pm

വാഷിങ്ടൺ: ക്ലാസുകൾ ഓൺലൈനായി നടത്താനൊരുങ്ങി അമേരിക്കയിലെ ക്യാമ്പസുകൾ. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് ഇസ്രഈൽ ഗാസ സംഘർഷം രൂക്ഷമായതിനെ തുടർ ലോസ് ഏഞ്ചൽസ് സർവകലാശാലയുടെ പ്രധാന കാമ്പസിലെ എല്ലാ ക്ലാസുകളും പ്രവർത്തനങ്ങളും ഓൺലൈനായി നടത്തുമെന്ന് പ്രഖ്യാപിച്ചത്.

‘ദയവായി പ്രധാന കാമ്പസിലേക്ക് വരരുത്,’ എന്നാണ് വെബ്‌സൈറ്റിലൂടെ ലോസ് ഏഞ്ചൽസ് സർവകലാശാല വിദ്യാർത്ഥികളോട് പറഞ്ഞത്. ഫലസ്തീൻ അനുകൂല പ്രതിഷേധ പ്രകടനങ്ങൾ ക്യമ്പസിൽ രൂക്ഷമായ സാഹചര്യത്തിലാണ് സർവകലാശാല ഇങ്ങനെയൊരു കാര്യം നടപ്പാക്കാനൊരുങ്ങുന്നത്.

ഫലസ്തീൻ അനുകൂല പ്രക്ഷോഭകർ ബുധനാഴ്ച ഉച്ചയോടെ സർവകലാശാലയുടെ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തിരുന്നു. ഇസ്രഈലിന് അമേരിക്ക നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ചാണ് പ്രകടനം. പ്രക്ഷോഭത്തെ തുടർന്ന് ജീവനക്കാരോട് അഭയം തേടാൻ സർവകലാശാല പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി പോയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നേരത്തെയും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. 25 ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരെ തിങ്കളാഴ്ച പോലീസ്‌ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതിഷേധം.

23 കാമ്പസുകളിലായി 458,000 വിദ്യാർത്ഥികളും 53,000 ഫാക്കൽറ്റികളും സ്റ്റാഫുകളും ഉള്ള കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ പൊതു സർവകലാശാലയാണിത്.

അമേരിക്കയിലുടനീളം ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇസ്രഈലിനുള്ള അമേരിക്കയുടെ പിന്തുണയിൽ പ്രതിഷേധിച്ച് നിരവധി പേരാണ് ദിവസവും രാജ്യത്ത് സമരം ചെയ്യുന്നത്. ഇതുവരെ 37000 ത്തിലധികം ഫലസ്തീനികളാണ് ഇസ്രഈലിന്റെ അക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

Content Highlight: California varsity moves classes online after protests over conflict in Gaza