'ഇന്ത്യയിലെ ജാതി വ്യവസ്ഥ 3,000 വര്‍ഷത്തിലേറെ പഴക്കമുള്ളത്'; ജാതി വിവേചനത്തിനെതിരെ ബില്ലവതരിപ്പിച്ച് കാലിഫോര്‍ണിയ നിയമസഭ
World News
'ഇന്ത്യയിലെ ജാതി വ്യവസ്ഥ 3,000 വര്‍ഷത്തിലേറെ പഴക്കമുള്ളത്'; ജാതി വിവേചനത്തിനെതിരെ ബില്ലവതരിപ്പിച്ച് കാലിഫോര്‍ണിയ നിയമസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th September 2023, 10:18 am

ന്യൂയോര്‍ക്ക്: ജാതി വിവേചനം നിരോധിക്കുന്ന ബില്‍ പാസാക്കി അമേരിക്കയിലെ കാലിഫോര്‍ണിയ നിയമസഭ. ജാതി വിവേചനത്തിനെതിരെ നിയമം പാസാക്കുന്ന യു.എസിലെ ആദ്യ സംസ്ഥാനമാണ് കാലിഫോര്‍ണിയ. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുന്നതോടെ നിയമം പ്രാവര്‍ത്തികമാകും.

ദക്ഷിണേഷ്യന്‍ വംശജരായ പൗരന്മാര്‍ക്ക് നിയമം ഉപകാരപ്പെടുമെന്നാണ് ബില്ലില്‍ പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സമാനമായ നിയമം സിയാറ്റില്‍ നഗരത്തില്‍ നടപ്പിലാക്കിയതിന് പിന്നാലെയാണ് കലിഫോര്‍ണിയ സംസ്ഥാനവും ബില്ല് പാസാക്കുന്നത്.

ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റര്‍ ഐഷ വഹാബാണ് ബില്‍ അവതരിപ്പിച്ചത്. 31ല്‍ അഞ്ചിനെതിരെയാണ് ബില്ല് പാസായത്. സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്‌ലിം, അഫ്ഗാന്‍-അമേരിക്കന്‍ വനിതയാണ് ഐഷ വഹാബ്.

ഇന്ത്യയിലെ ജാതി വ്യവസ്ഥ 3,000 വര്‍ഷത്തിലേറെ പഴക്കമുള്ളതും ഹിന്ദു സമൂഹത്തെ കര്‍ക്കശമായ ശ്രേണികളുള്ള ഗ്രൂപ്പുകളായി വിഭജിക്കുന്നതുമാണെന്നും ബില്ലില്‍ പറയുന്നു.

ലിംഗഭേദം, വംശം, മതം, വൈകല്യം എന്നിവക്കൊപ്പം സംസ്ഥാനത്തെ വിവേചന വിരുദ്ധ നിയമങ്ങളില്‍ ജാതിയെ ഒരു സംരക്ഷിത വിഭാഗമായി ചേര്‍ക്കത്തെന്നും ചൊവ്വാഴ്ച പാസാക്കിയ ബില്ലില്‍ പറയുന്നു. വടക്കേ അമേരിക്കയില്‍ ജാതിവ്യവസ്ഥ ഗൗരവമുള്ള വിഷയമല്ലെന്നാണ് നിയമത്തില്‍ രാജ്യത്തെ ഹിന്ദു സംഘടനകളുടെ പ്രതികരണം.

2020ല്‍ രണ്ട് ഉയര്‍ന്ന ജാതിയിലുള്ള ഇന്ത്യന്‍ മാനേജര്‍മാര്‍ ഒരു ദളിത് എഞ്ചിനീയറോട് വിവേചനം കാണിക്കുകയും അദ്ദേഹത്തിന് കുറഞ്ഞ ശമ്പളം നല്‍കുകയും ചെയ്തുവെന്നുള്ള ആരോപണത്തില്‍ കേസെടുത്ത സംഭവമടക്കം കണക്കിലെടുത്താണ് ബില്‍ പാസാക്കിയതെന്നാണ് നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.