വംശഹത്യയിലെ പങ്കാളിത്തം; യു.എസിനെതിരായ ഫലസ്തീന്‍ പൗരന്മാരുടെ കേസില്‍ വാദം കേട്ട് കാലിഫോര്‍ണിയ ഫെഡറല്‍ കോടതി
World News
വംശഹത്യയിലെ പങ്കാളിത്തം; യു.എസിനെതിരായ ഫലസ്തീന്‍ പൗരന്മാരുടെ കേസില്‍ വാദം കേട്ട് കാലിഫോര്‍ണിയ ഫെഡറല്‍ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th January 2024, 9:53 am

ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യ തടയുന്നതില്‍ ജോ ബൈഡന്റെ അമേരിക്കന്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന കേസില്‍ വാദം കേട്ട് കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി. ഗസയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യു.എസിലെ ഫലസ്തീന്‍ പൗരന്മാര്‍ നല്‍കിയ പരാതിയിലായിരുന്നു വാദം.

ഗസയില്‍ നടക്കുന്ന വംശഹത്യയിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടുന്ന കേസ് തള്ളിക്കളയാന്‍ യു.എസ് സര്‍ക്കാര്‍ പലതവണ ശ്രമിച്ചിട്ടും കോടതി തത്സമയ വാദം കേള്‍ക്കാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗസയില്‍ തങ്ങളുടെ കുടുംബാംഗങ്ങളുടെ മരണം തടയുന്നതിനും ഫലസ്തീന്‍ ജനതക്ക് നീതി ലഭിക്കാനുമുള്ള അവസാന ശ്രമമെന്ന നിലയിലാണ് അമേരിക്കക്കെതിരെ പരാതി നല്‍കിയതെന്ന് ഏതാനും പരാതിക്കാര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. വംശഹത്യയെയും അതിലുള്ള പങ്കാളിത്തത്തെയും അത്ര എളുപ്പത്തില്‍ തള്ളിക്കളയാനാവില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പരാതിയിലുള്ള കോടതിയുടെ ഇടപെടല്‍ വലിയ വിജയമായും തങ്ങളുടെ ശ്രമങ്ങള്‍ മാറ്റമുണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ കാണുന്നതെന്നും ഫലസ്തീന്‍ അമേരിക്കക്കാരിയും കേസിലെ വാദിയുമായ ലൈല എല്‍ ഹദ്ദാദ് പറഞ്ഞു. പരാതിക്കാര്‍ക്ക് അവരുടെ നിലപാടുകള്‍ പരസ്യമായി വാദിക്കാന്‍ അവസരം ലഭിച്ചതോടെ തങ്ങള്‍ക്ക് ആത്മവീര്യം ലഭിച്ചതായും ലൈല എല്‍ ഹദ്ദാദ് കൂട്ടിച്ചേര്‍ത്തു.

ഹേഗ് മുതല്‍ കാലിഫോര്‍ണിയ വരെയുള്ള ലോകം ഗസ മുനമ്പിന്റെ നാശം ഭയത്തോടെ വീക്ഷിക്കുമ്പോള്‍ നിയമം ഉയര്‍ത്തിപ്പിടിക്കാനും വംശഹത്യ തടയാനും കോടതികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്‌സ് മിഡില്‍ ഈസ്റ്റ് ഐയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ യു.എസിന് പങ്കാളിത്തമുണ്ടെന്ന വിമര്‍ശനങ്ങള്‍ അമേരിക്കയിലെ പൊതുജനാഭിപ്രായത്തെ മാറ്റിമറിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഗസയില്‍ എങ്ങനെ യുദ്ധം നടത്തണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ് ഇസ്രഈലെന്നും അതുകൊണ്ട് ഈ കേസിന് യാതൊരു വിധത്തിലുള്ള പ്രാധാന്യവും ഇല്ലെന്നും ബൈഡന്റെ നിയമസംഘം വാദിച്ചു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 25,520 ആയി വര്‍ധിച്ചുവെന്നും 63,367 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

Content Highlight: California federal court hears Palestinian citizens case against US