| Saturday, 19th May 2018, 10:03 pm

കോഴിക്കോട്ടെ അപൂര്‍വ്വ പനി: മൃഗങ്ങള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുതെന്ന് നിര്‍ദ്ദേശം; ശ്രദ്ധ മതി ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജില്ലയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ പുതിയ തരം പനി അപൂര്‍വയിനം വൈറസ് ബാധയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വൈറസ് ബാധയെന്നും പ്രത്യേക ശ്രദ്ധ വേണമെന്നും എന്നാല്‍ ആശങ്കപ്പെടേണ്ടെന്നും മന്ത്രി അറിയിച്ചു.

പനി സംബന്ധമായ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പേരാമ്പ്രയിലേക്ക് ഡോക്ടര്‍മാരുടെ സംഘം പുറപ്പെട്ടു. സൗജന്യ പരിശോധനയും ചികിത്സയും ബോധവത്കരണവും നടത്തും. മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറക്കുമെന്നും സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു.

മൃഗങ്ങളിലൂടെയാണ് വൈറസ് പകരുന്നതെന്നാണ് നിഗമനം. എന്നാല്‍ ഏതുതരം വൈറസ് ആണ് രോഗകാരിയെന്ന് പരിശോധനാ ഫലങ്ങള്‍ പുറത്ത് വന്നാലെ പറയാനാവൂ.

പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണണെന്ന് നിര്‍ദ്ദേശമുണ്ട്. വവ്വാലിന്റെ കാഷ്ഠം വീഴാന്‍ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുകയും വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ തുറന്ന കലത്തില്‍ ശേഖരിക്കുന്ന തെങ്ങ്/പന കള്ള് ഉപയോഗിക്കാതിരിക്കാനും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more