കോഴിക്കോട്ടെ അപൂര്‍വ്വ പനി: രണ്ട് പേര്‍ കൂടി മരിച്ചു
Calicut Viral Fever
കോഴിക്കോട്ടെ അപൂര്‍വ്വ പനി: രണ്ട് പേര്‍ കൂടി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th May 2018, 7:29 pm

കോഴിക്കോട്: അപൂര്‍വ്വ വൈറസ് മൂലമുള്ള പനി ബാധിച്ച് രണ്ട് മരണം കൂടി. കൂട്ടാലിട സ്വദേശി ഇസ്മയില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 5 ആയി.

രോഗലക്ഷണങ്ങളുമായി കൂടുതല്‍ പേര്‍ ചികിത്സ തേടിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നുള്ള ഒരാളും രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

പകര്‍ച്ചവ്യാധിക്ക് കാരണം നിപ്പാ വൈറസ് ആണെന്ന് മണിപ്പാല്‍ വൈറോളജി ലാബില്‍ കണ്ടെത്തിയതായി സൂചനയുണ്ട്. എന്നാല്‍ വിദഗ്ധാഭിപ്രായത്തിനായി റിപ്പോര്‍ട്ട് പൂനയിലെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് നാളെ ആരോഗ്യ വകുപ്പിന് സമര്‍പ്പിക്കും. അവധി ദിവസമായതിനാലാണ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത്. നിപ്പാ വൈറസാണ് കാരണമെന്ന് വിവരം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.


Read | നിപ്പാം വൈറസ് പ്രതിരോധിക്കാന്‍ ഏഴ് മാര്‍ഗ്ഗങ്ങള്‍


വൈറസ് ബാധയേറ്റ വവ്വാലുകള്‍, പന്നികള്‍ എന്നിവയില്‍ നിന്നാണ് രോഗം പടരുന്നത്. പനി, തലവേദന, തലകറക്കം എന്നിവയാണ് ലക്ഷണങ്ങള്‍ . ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു.

പനി പ്രതിരോധിക്കാന്‍ ജില്ലതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ഉന്നത തലയോഗം തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ സഹായത്തിന്റെ ചുമതല ഈ ടാസ്‌ക് ഫൊഴ്‌സ് വഹിക്കും. മെഡിക്കല്‍ കോളേജില്‍ 25 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. സമാന വൈറസ് പനി കണ്ടെത്തിയവരെയാണ് നിരീക്ഷിക്കുന്നത്.