[]കോഴിക്കോട്: അല്‍ ഖ്വയ്ദ തീവ്രവാദിയുടേതെന്ന പേരില്‍ മാധ്യമങ്ങളില്‍ വിവാദമായ കവിത കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു. കാലിക്കറ്റ് സര്‍വകലാശാല ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് വിവാദ കവിതയുണ്ടായിരുന്നത്.
ഗ്വാണ്ടനാമോ ജയിലില്‍ കഴിഞ്ഞ ഇബ്രാഹീം സുലൈമാന്‍ അല്‍ ##റുബായിഷിന്റെ “ഓഡ് ടു ദ സീ” എന്ന കവിതയാണ് മാധ്യമങ്ങള്‍ അല്‍ ഖായിദ തീവ്രവാദിയുടെ കവിത എന്ന പേരില്‍ അവതരിപ്പിച്ചത്.[]
നെരൂദ, കമലാദാസ്, മായ ആംഗ്ലോ, ഇംതിയാസ് ധാര്‍ക്കര്‍, സില്‍വിയ പ്ലാത്ത് തുടങ്ങിയവരുടെ കവിതകളുടെ കൂടെയാണ് റുബായിഷിന്റെ കവിതയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അമേരിക്ക അല്‍ ഖ്വായിദ തീവ്രവാദിയെന്ന് ആരോപിച്ചയാളായിരുന്നു റുബായിഷ്. കുറ്റം തെളിയാത്തതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിന് ശേഷം ഇദ്ദേഹത്തെ തടവില്‍ നിന്ന് വിട്ടയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അല്‍ ഖ്വായിദ തീവ്രവാദിയുടെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. തുടര്‍ന്ന് അന്വേഷണത്തിന് സര്‍വ്വകലാശാല ഉത്തരവിടുകയായിരുന്നു. പിന്നീട് കവിത പിന്‍വലിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
“ദി ഡിറ്റെയ്‌നീസ് സ്പീക്ക്” എന്ന റുബായിഷിന്റെ കവിതാ സമാഹരത്തില്‍ പുസ്തകത്തിന്റെ എഡിറ്റര്‍ മാര്‍ക്ക് ഫാല്‍ക്ക് പറയുന്നത്, പാക്കിസ്ഥാനില്‍ അധ്യാപകനായി ജോലി ചെയ്യവേയാണ് അമേരിക്കയുടെ കൂലിപ്പട്ടാളം റുബായിഷിനെ പിടികൂടുന്നത് എന്നാണ്. യുദ്ധങ്ങളോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച വ്യക്തിയായിരുന്നു റുബായിഷ്.
എം. എ ബഷീര്‍ അധ്യക്ഷനായ സമിതിയാണ് കവിത പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിഷയം പഠിക്കാന്‍ സര്‍വകലാശാല നിയമിച്ച കമ്മീഷനാണ് ഡോ. എം.എ ബഷീര്‍ അധ്യക്ഷനായിട്ടുള്ളത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നടപടി അപമാനകരമാണെന്ന് കവി സച്ചിദാനന്ദന്‍ പറഞ്ഞു. കവിതയില്‍ തീവ്രവാദ സംബന്ധമായ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.