| Monday, 26th March 2018, 4:17 pm

വൈസ് ചാന്‍സലറുടെ യോഗ്യതാ രേഖകള്‍ പുറത്ത്- എം ജിക്ക് പിന്നാലെ കാലിക്കറ്റ് വി സിയും പുറത്തേക്കോ?

എ പി ഭവിത

നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍. കെ. മുഹമ്മദ് ബഷീറിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. മതിയായ യോഗ്യതയുണ്ടെന്നായിരുന്നു വൈസ്ചാന്‍സലറുടെ ഓഫീസ് അറിയിച്ചിരുന്നത്. എന്നാല്‍ ആവശ്യമായ യോഗ്യതയില്ലെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.

എം. ജി സര്‍വ്വകലാശാല വൈസ്ചാന്‍സലറുടെ നിയമനം ഹൈക്കോടതി റദ്ദ് ചെയ്ത സാഹചര്യത്തിലായിരുന്നു കാലിക്കറ്റ് വൈസ്ചാന്‍സലറുടെ നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചത്. അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സാണ് പരാതി നല്‍കിയത്. യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയില്ലെന്നായിരുന്നു പരാതി.

അരീക്കോട് സുല്ലമു സലാം ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ എട്ട് വര്‍ഷം പ്രിന്‍സിപ്പലായി ജോലി ചെയ്തതും കേരള സര്‍വ്വകലാശാലയില്‍ രജിസ്ട്രാറായി രണ്ടേകാല്‍ കൊല്ലം പ്രവര്‍ത്തിച്ചതുമാണ് വൈസ് ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കുന്നതിനായി യോഗ്യതയായി കാണിച്ചിരുന്നത്. എന്നാല്‍ എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍ നിയമനം പ്രമോഷന്‍ പദവിയല്ല. മാനേജ്‌മെന്റിന്റെ നിയമനമാണിത്. രജിസ്ട്രാര്‍ പദവി സര്‍വ്വകലാശാലയുടെ അഡ്മിനിസ്‌ട്രേറ്റീവ് പദവിയുമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

2010 ല്‍ വി.സിമാരുടെ നിയമനത്തില്‍ യു.ജി.സി കര്‍ശന വ്യവസ്ഥകള്‍ കൊണ്ടു വന്നിരുന്നു. ഇത് പ്രകാരം സര്‍വ്വകലാശാലകളില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ആളെയാണ് പോസ്റ്റിലേക്ക് പരിഗണിക്കേണ്ടത്. അല്ലെങ്കില്‍ സര്‍ക്കാറിന് കീഴിലുള്ള ഗവേഷണ കേന്ദ്രത്തില്‍ പ്രൊഫസര്‍ക്ക് തുല്യമായ പദവിയിലുള്ള വ്യക്തിയേയും നിയമിക്കാമെന്നാണ്.

ആക്ടിന്റെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിന് ആന്റണി ഡൊമിനിക് അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വൈസ്ചാന്‍സലര്‍ക്കും ഗവര്‍ണര്‍ക്കും നോട്ടീസ് അയച്ചിട്ടുള്ളത്.

പത്ത് വര്‍ഷത്തെ പ്രൊഫസറായുള്ള പ്രവൃത്തി പരിചയം ഇല്ലെന്നതിനൊപ്പം സെലക്ഷന്‍ കമ്മിററിയുടെ രൂപീകരണവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സര്‍വ്വകലാശാലയുമായി ബന്ധമില്ലാത്ത ആളാവണം സെനറ്റിന്റെ പ്രതിനിധിയായി കമ്മിറ്റിയില്‍ ഉണ്ടാവേണ്ടത്. എന്നാല്‍ നിലവില്‍ കോട്ടക്കല്‍ എം. എല്‍. എയും അന്ന് സിണ്ടിക്കേറ്റംഗവുമായിരുന്ന കെ. കെ ആബിദ് ഹുസൈന്‍ തങ്ങളായിരുന്നു കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. എഴുപത്തിയാറ് അപേക്ഷകളാണ് അന്ന് സെര്‍ച്ച് കമ്മിറ്റിക്ക് മുമ്പാകെ എത്തിയത്. അതില്‍ മതിയായ യോഗ്യതയുള്ളവരെ തഴഞ്ഞ് കെ. മുഹമ്മദ് ബഷീറിന്റെ പേര് മാത്രം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതായി അന്ന തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഗവര്‍ണര്‍ പി. സദാശിവം ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

കേസിനെ നിയമപരമായി നേരിടാനാണ് ഡോക്ടര്‍ മുഹമ്മദ് ബഷീറിന്റെ തീരുമാനം. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

എന്നാല്‍ വൈസ്ചാന്‍സലര്‍ രാജിവെക്കണമെന്ന നിലപാടിലാണ് എസ്. എഫ്.ഐ. പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാലാണ് യോഗ്യത തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടതെന്ന് എസ്.എഫ്.ഐ സംസ്ഥാന ജോയിന്‍ സെക്രട്ടറി ലിന്റോ ജോസഫ് പറഞ്ഞു.

ഗുജറാത്തില്‍ നിന്നുള്ള കേന്ദ്ര സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ആയിരുന്നു സെര്‍ച്ച് കമ്മിറ്റിയിലെ യു.ജി.സി പ്രതിനിധി. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ മുസ്ലിംലീഗിന്റെ താല്‍പര്യത്തിന് കൂട്ടു നിന്നതായി പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് സിണ്ടിക്കേറ്റംഗമായിരുന്ന മുസ്‌ലിം ലീഗ് നേതാവ് ഡോക്ടര്‍. മുഹമ്മദ് ബഷീറിന്റെ അടുത്ത ബന്ധുവാണ്.

മതിയായ യോഗ്യതയില്ലെന്നും സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ അപാകതയുണ്ടെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. യോഗ്യതയുള്ളവരെ ഒഴിവാക്കിയാണ് ബാബു സെബാസ്റ്റിയനെ നിയമിച്ചതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ആ ആരോപണങ്ങളെല്ലാം ശരിവെച്ചാണ് കോടതി ഉത്തരവിട്ടത്. സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷണല്‍ ടെക്‌നോളജിയില്‍ ഡറക്ടറായിരുന്ന ബാബു സെബാസ്റ്റിയനെ ആ പ്രവര്‍ത്തി പരിചയം കണക്കിലെടുത്താണ് യു.ഡി.എഫ് സര്‍ക്കാര്‍ വി.സിയാക്കിയത്. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലെന്നും പ്രഫസര്‍ പദവിക്ക് തുല്യമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ സെലക്ഷന്‍ കമ്മിറ്റിയില്‍ സിണ്ടിക്കേറ്റിലെ എം. എല്‍. എ പ്രതിനിധിയായിരുന്ന ബെന്നി ബെഹനാനെ ഉള്‍പ്പെടുത്തിയത് ചട്ടലംഘനമാണെന്നും കോടതി കണ്ടെത്തിയിരുന്നു.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

We use cookies to give you the best possible experience. Learn more