| Wednesday, 22nd October 2014, 8:01 pm

കാലിക്കറ്റ് സര്‍വകലാശാല വി.സി രാജിസന്നദ്ധത അറിയിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എം. അബ്ദുള്‍ സലാം രാജിസന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്.

സമരങ്ങള്‍മൂലം സര്‍വകലാശാലയുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി തടസപ്പെടുന്ന സാഹചര്യത്തിലാണ് വി.സിയുടെ ഈ തീരുമാനം. സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം താനാണെങ്കില്‍ മാറിനില്‍ക്കാമെന്നും അല്ലെങ്കില്‍ സിന്‍ഡിക്കേറ്റിനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണം നടത്താന്‍ നിയോഗിക്കപ്പെട്ട സിന്‍ഡിക്കേറ്റുതന്നെ സമരം നടത്തുകയാണെന്നും ഈ നിലയില്‍ മുന്നേട്ട് പോകാനാവില്ലെന്നും മുഖ്യമന്ത്രിയെ അറിയിച്ചതായി വി സി മാധ്യമങ്ങളോട് പറഞ്ഞു.

ഹോസ്റ്റല്‍ താമസവുമായി ബന്ധപ്പെട്ട തര്‍ക്കവും സമരവും കാരണം സര്‍വകലാശാലയിലെ പഠനവകുപ്പുകളും ഹോസ്റ്റലുകളും അടച്ചിരുന്നു. നെറ്റ്‌വര്‍ക്ക് തകരാറുകള്‍ കാരണം ഓഫീസ് ജോലികള്‍ സ്തംഭിച്ചതും പരീക്ഷകള്‍ മുടങ്ങിയതും പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

പുതുതായി നിര്‍മിച്ച സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ മാനേജ്‌മെന്റ് കോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയതോടെ കോളജും ഹോസ്റ്റലും അടച്ചിടാന്‍ വി.സി ഉത്തരവിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ക്ലാസുകള്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം നടത്തിയിരുന്നു.

സിന്‍ഡിക്കേറ്റ് ഉപസമിതി നടത്തിയ ചര്‍ച്ച പ്രഹസനമായിരുന്നെന്ന് ആരോപിച്ച് കെ.എസ്.യുവും സമരം നടത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ജീവനക്കാരും, തങ്ങളുടെ ഹോസ്റ്റല്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളും സമരം നടത്തിയിരുന്നു.

സിന്‍ഡിക്കേറ്റ് അംഗങ്ങളും വിദ്യാര്‍ത്ഥികളും വി.സിക്കെതിരെയാണ് പ്രതികരിച്ചത്. രാജിസന്നദ്ധതയോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് വി.സി പറഞ്ഞു.

We use cookies to give you the best possible experience. Learn more