|

സിലബസുമായില്ല, പാഠപുസ്തകവുമില്ല: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 24ന് ഡിഗ്രി ക്ലാസുകള്‍ തുടങ്ങുന്നത് ഇതൊന്നുമില്ലാതെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത് പാഠപുസ്തകമോ സിലബസോ തയ്യാറാക്കാതെ. സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള 278 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലായി ജൂണ്‍ 24ന് ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

സിബലസുകള്‍ എന്നത്തേക്ക് തയ്യാറാകുമെന്ന കാര്യത്തില്‍ പോലും ഉറപ്പില്ലെന്നിരിക്കെയാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. 72440 വിദ്യാര്‍ഥികളാണ് ഒന്നാം സെമസ്റ്റര്‍ ബിരുദ ക്ലാസുകളില്‍ എത്തുന്നത്.

ചില പഠനബോര്‍ഡുകള്‍ പുതിയ സിലബസിനു രൂപം നല്‍കി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം ബോര്‍ഡുകളും സിലബസ് പുതുക്കുന്നതിന്റെ തിരക്കിലാണ്.

കഴിഞ്ഞ 17ന് തുടങ്ങിയ ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ ക്ലാസുകളിലെ കുട്ടികള്‍ക്കും ഇതുവരെ പുസ്തകം ആയിട്ടില്ല.

ബിരുദ, ബിരുദാന്തര ബിരുദ സിലബസ് പരിഷ്‌കരിക്കാന്‍ അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതനുസരിച്ചുള്ള സിലബസ് പരിഷ്‌കരണ നടപടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് പ്രതിസന്ധിക്കു വഴിവെച്ചത്.