തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകള്‍ക്ക് പുതുതായി അനുവദിച്ച ന്യൂജന്‍ കോഴ്‌സുകളുടെ സിലബസ് തയ്യാറാക്കാന്‍ കോഴ്‌സുകള്‍ അനുവദിക്കപ്പെട്ട കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കികൊണ്ട് സര്‍വ്വകലാശാല പുറത്തിറക്കിയ ഉത്തരവ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സാധാരണ ഗതിയില്‍ സിലബസ് തയ്യാറാക്കേണ്ട ചുമതല ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്. എന്നാല്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചേരാതെയാണ് അക്കാദമിക് വിങ്ങിന് കീഴിലുള്ള കോളേജുകളോട് സിലബസ് തയ്യാറാക്കി നല്‍കാന്‍ പറഞ്ഞിരിക്കുന്നതെന്നാണ് പുതുതായി പുറത്ത് വരുന്ന വിവരങ്ങള്‍.
സമര്‍പ്പിച്ച സിലബസ് നവംബര്‍ 15ന് മുമ്പ് അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വെച്ച് അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു എന്നാണ് ഉത്തരവില്‍ പരാമര്‍ശിക്കുന്നത്.
സംസ്ഥാനത്തെ വിവിധ എയ്ഡഡ്-അണ്‍എയ്ഡഡ് കോളേജുകളിലേക്കാണ് ന്യൂജന്‍ കോഴ്‌സുകള്‍ എന്ന് വിളിക്കപ്പെടുന്ന പുതിയ കോഴ്‌സുകള്‍ അനുവദിച്ചത്. സാധാരണ നല്‍കുന്ന ബി.എ, എം.എ കോഴ്‌സുകള്‍ക്ക് പുറമെ ഇന്റഗ്രേറ്റഡ് കോഴ്‌സുകളും അനുവദിക്കുന്നുണ്ട്.
സാധരണഗതിയില്‍ ഇത്തരത്തില്‍ കോഴ്‌സുകള്‍ അനുവദിക്കുമ്പോള്‍ അതിന് സിലബസുകള്‍ അനുവദിക്കേണ്ടത് അതത് സര്‍വകലാശാലയുടെ കീഴിലുള്ള ബോര്‍ഡ് ഓഫ് സറ്റഡീസാണ്. എന്നാല്‍ ഇതിനെ മറകടന്ന് കൊണ്ടുള്ള സര്‍വകലാശാലയുടെ ഉത്തരവ് അക്കാദമിക രംഗത്ത് കാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സാധാരണഗതിയില്‍ സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണ് ഇക്കാര്യങ്ങള്‍ ചെയ്യേണ്ടത്. എന്നാല്‍ അല്ലാതെയുള്ള സിലബസ് രൂപീകരണം സമ്പൂര്‍ണമാകില്ല എന്നാണ് സര്‍ക്കാര്‍ കോളേജിലെ അധ്യാപകനായ വിവേക് (യഥാര്‍ത്ഥ പേരല്ല) ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
‘സാധാരണ ഗതിയില്‍ വിദഗ്ധ സമിതി ചേര്‍ന്ന് ഒരു കോഴ്‌സിന് ആവശ്യള്ള ബോര്‍ഡിനെ രൂപീകരിച്ചാണ് സിലബസ് തയ്യാറാക്കേണ്ടത്. ഞാനടക്കമുള്ള ആളുകള്‍ ഇത്തരത്തില്‍ വ്യത്യസ്ത ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ഉണ്ടായിരുന്നതാണ്. ആദ്യഘട്ടത്തില്‍ കോഴ്‌സിന് വേണ്ട പഠന മേഖലകള്‍ തിരഞ്ഞെടുത്ത് അതിനാവശ്യമായ കണ്ടന്റുകള്‍ ഉള്‍പ്പെടുത്തും ഇങ്ങനെ തയ്യാറാക്കുന്ന സിലബസ് കമ്മിറ്റികള്‍ക്ക് മുന്നില്‍ ചര്‍ച്ചയ്ക്ക് വെച്ച് അതിലെ പോരായ്മകളും തെറ്റുകളും കണ്ടെത്തി അതും പരിഹരിച്ച ശേഷമാണ് സിലബസിന്റെ പൂര്‍ണരൂപം തയ്യാറാക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ രണ്ടാഴ്ചകൊണ്ട് തട്ടിക്കൂട്ടി ഉണ്ടാക്കേണ്ട ഒന്നല്ല സിലബസ്. അത് ഉണ്ടാക്കേണ്ടത് കോളെജുകള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ചുമല്ല,’ വിവേക് പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാര്‍ തിരക്ക് പിടിച്ചാണ് കോഴ്‌സുകള്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 150ഓളം കോളെജുകള്‍ എയ്ഡഡ് മേഖലയിലാണ്. എയ്ഡഡ് കോളേജുകളുടെ ആവശ്യം പരിഗണിച്ചാണ് ഇത് നടപ്പാക്കിയത്. സിലബസ് ഉണ്ടാക്കാനുള്ള തീരുമാനം കൃത്യമായ സ്വകാര്യവല്‍ക്കരണത്തിലേക്കും കോളേജുകളുടെ സ്വയം ഭരണാവകാശത്തിലേക്കുമാണ് നയിക്കുകയെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഷാജര്‍ ഖാന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
23 സര്‍ക്കാര്‍ കോളേജുകളിലും കോഴ്‌സുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഈ കോളേജുകള്‍ പതുക്കെ അണ്‍ എയ്ഡഡ് ആയി മാറും എന്ന പ്രത്യേക സാഹചര്യവും പതുക്കെ സംജാതമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘സിലബസ് ഉണ്ടാക്കാനുള്ള അനുമതി കോളേജുകള്‍ക്ക് നല്‍കുമ്പോള്‍ അതില്‍ ഏറ്റവും അപകടകരമായ കാര്യം ഒരു തരത്തില്‍ കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നു എന്നതാണ്. ഓരോ കോളേജുകളും സ്വതന്ത്രമായി അവരുടെ വ്യാവസായിക പരിസരങ്ങള്‍ക്കനുസരിച്ച് കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യുക എന്ന സങ്കല്‍പമാണ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. ബിര്‍ള അംബാനി റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു കാര്യം ആദ്യം പറയുന്നത്. അത് തന്നെയാണ് യഥാര്‍ത്ഥത്തില്‍ നടപ്പാക്കപ്പെടുന്നത്. അഥവാ ഇത് നടപ്പാക്കുന്നതിന്റെ രീതി ഇതേ വാര്‍പ്പ് മാതൃകയാണ് എന്നും പറയാം.
കോളെജുകളും സര്‍വകലാശാലയും തമ്മിലുള്ള ഒരു ഡിസ്അഫിലിയേഷന്‍ (ബന്ധമില്ലാതാക്കല്‍) നടത്തുക എന്നതു കൂടി മുന്നില്‍ കണ്ട് കൊണ്ടാണ് ഇത് നടത്തുന്നത്.അപ്പോള്‍ സിലബസ് സ്വതന്ത്രമാകുന്നതോടെ, ഒരു സിലബസല്ല മറ്റൊരു കോളേജിന്റെ സിലബസ് എന്നുവരുമ്പോള്‍ നിലവിലുള്ള ഈ ഏകീകൃത സ്വഭാവം നഷ്ടപ്പെടും. സര്‍വകലാശാല എന്ന സങ്കല്‍പം തന്നെ റദ്ദ് ചെയ്യപ്പെടുകയാണ് ഇതുവഴി. സാധാരണ ഗതിയില്‍ ഡിഗ്രി നല്‍കുന്നത് സര്‍വകലാശാലയാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ ഡിഗ്രി അനുവദിക്കുന്നത് യൂണിവേഴ്‌സിറ്റിക്ക് നല്‍കാന്‍ കഴിയാതെ വരും.
ഒരു പൊതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഡിഗ്രി നല്‍കുന്നത് സാധ്യമല്ലാതെ വരും. അതായത് ഒരു സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ പോലെ ഡിഗ്രി അവാര്‍ഡ് ചെയ്യാന്‍ പറ്റാതെ വരും. കാരണം രണ്ടിന്റേയും മാനദണ്ഡം രണ്ടാണ്. വാസ്തവത്തില്‍ ഇതിലൂടെ സംഭവിക്കുന്നത് സ്വകാര്യ വത്കരണമാണ്. ഇത് ഓരോ പ്രത്യേകം കോഴ്‌സുകള്‍ ഉണ്ടാക്കി, അത് പ്രത്യേകം പ്രത്യേകം മാര്‍ക്കറ്റ് ഓറിയന്റഡ് ആക്കി മാറ്റിതീര്‍ക്കാന്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. അതായത് നേരത്തെ പറഞ്ഞ അക്കാദമിക് ഓട്ടോണമിയുടെ ഭാഗമാണിത്. ഓരോര്‍ത്തര്‍ക്കും ഓരോ സിലബസ് എന്ന് പറഞ്ഞാല്‍ അത് സ്വതന്ത്ര സ്ഥാപനമായി മാറി എന്നാണര്‍ത്ഥം.
അതായത് പതുക്കെ സിലബസ് പരിഷ്‌കരണത്തിലൂടെ ഒരു ഗവണ്‍മെന്റ് കോളെജിനെ അണ്‍എയ്ഡഡ് ആക്കുന്ന പദ്ധതികൂടി ഇവിടെ നടപ്പാക്കപ്പെടുന്നുണ്ട്,’ ഷാജര്‍ ഖാന്‍
എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നിലവില്‍ തീരുമാനിക്കപ്പെട്ടിട്ടില്ലെന്നും അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തിലേ തീരുമാനിക്കൂ എന്നുമാണ് ഐ.ക്യു.എ.സി ( ഇന്റേര്‍ണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍) ഡയറക്ടര്‍ ഡോ. ശിവദാസന്‍ പറഞ്ഞത്. കോളെജുകള്‍ സിലബസുകളുടെ ഡ്രാഫ്റ്റുകളാണ് നല്‍കുകയെന്നും അതിന് അനുമതി നല്‍കുന്നത് ബോര്‍ഡ് ഓഫ് സറ്റ്ഡീസ് ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ സിലബസുകള്‍ ഉണ്ടാക്കിയിട്ട് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകാരം കൊടുക്കുന്നതിലൂടെ സംഭവിക്കുന്നത് കോളെജുകളുടെ സ്വകാര്യവത്കരണം തന്നെയല്ലേ എന്നാണ് ഷാജര്‍ഖാന്‍ ചോദിക്കുന്നത്. അംഗീകാരം കൊടുക്കുകയല്ലേ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയ്യുന്നുള്ളുവെന്നും ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Calicut University new order in controversy says the syllabus should be preapared by colleges