തേഞ്ഞിപ്പാലം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശനം നടത്തിയെന്ന ഹരിതാ നേതാക്കളുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ എം.എസ്.എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചു. എം.എസ്.എഫ് കാലിക്കറ്റ് സര്‍വകലാശാല ക്യാംപ്‌സ് കമ്മിറ്റിയാണ് രാജിവെക്കുന്നതായി അറിയിച്ചുകൊണ്ട് പ്രസ്താവന പുറത്തുവിട്ടത്.
ഹരിതാനേതാക്കളുടെ പരാതിയില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ അഭിമുഖീകരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഈ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രയാസമുണ്ടെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്.
ക്യാംപസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി. അനസ്, ജനറല്‍ സെക്രട്ടറി കെ.സി. അസറുദ്ധീന്‍ എന്നിവരുടെ പേരോട് കൂടിയ പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്.
ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം വലിയ മാധ്യമശ്രദ്ധ നേടിയത്.
വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹരിതയുടെ പ്രവര്‍ത്തനം ലീഗ് മരവിപ്പിച്ചിരുന്നു. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ വാദം.
ഈ നടപടിയില്‍ കടുത്ത പ്രതിഷേധമാണ് ലീഗിനുള്ളില്‍ നിന്നും എം.എസ്.എഫില്‍ നിന്നുമുയരുന്നത്. ഹരിതയ്ക്ക് പിന്തുണയര്‍പ്പിച്ച് എം.എസ്.എഫിന്റെ 12 ജില്ലാ കമ്മിറ്റികള്‍ രംഗത്ത് വന്നിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ജില്ലാ കമ്മിറ്റികള്‍ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കി. ലീഗിന്റെ നടപടിയ്ക്കെതിരെ പാര്‍ട്ടിക്കുള്ളിലും എം.എസ്.എഫിലും പ്രതിഷേധം ശക്തമാണ്.
നേരത്തെ ലീഗിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ് രാജിവെച്ചിരുന്നു. ‘പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ഭാരവാഹിത്വം ഒഴിയുകയാണെന്ന്,’ രാജിക്കത്തില്‍ അബ്ദുസമദ് പറഞ്ഞു.
വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം ഹരിതാ നേതാക്കള്‍ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തീരുമാനിച്ചത്.
പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. പി.കെ നവാസിനെതിരെ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഹരിത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് തീരുമാനിച്ചത്.
അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം.എസ്.എഫ് ഹരിത നേതാക്കളുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിന് സെക്ഷന്‍ 354(എ) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പി.കെ. നവാസിന്റെ വിശദീകരണം.
‘പാര്‍ട്ടിക്കും പാണക്കാട് തങ്ങള്‍മാര്‍ക്കും അപമാനമുണ്ടാക്കുന്ന ഒരു വാചകവും നോട്ടവും എന്നില്‍ നിന്നുണ്ടായിട്ടില്ല. തെറ്റ് പറ്റിയാല്‍ തെറ്റ് പറ്റിയെന്ന് അംഗീകരിക്കും. എനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. എം എസ്.എഫുകാര്‍ ഫേസ്ബുക്കിലെ ഫാന്‍സ് അസോസിയേഷന്‍ ആകരുത്,’ നവാസ് പറഞ്ഞു.
സംഘടനയ്ക്കകത്തെ സംഘങ്ങളിലല്ല സംഘടനയിലാണ് അംഗങ്ങളാകേണ്ടത്. സമാന്തര സംഘങ്ങളില്‍ അംഗമാകാതിരിക്കുന്നതാണ് തന്റെ രാഷ്ട്രീയ ബോധമെന്നും പി.കെ. നവാസ് പറഞ്ഞു.