| Tuesday, 15th October 2019, 2:55 pm

'പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ്‌ലാമിലെ സ്വര്‍ഗവിശ്വാസത്തേയും അവഹേളിച്ചുവെന്ന് ആരോപണം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മാഗസിന്‍ വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ പുറത്തിറക്കിയ മാഗസിന്‍ വിവാദത്തില്‍. എസ്.എഫ്.ഐ നേതൃത്വത്തിലുള്ള സ്റ്റുഡന്റ്‌സ് യൂണിയന്റെ മേല്‍വിലാസത്തില്‍ ‘ പോസ്റ്റ് ട്രൂത്ത് ‘ എന്ന പേരില്‍ എഡിറ്റര്‍ എ.എം ശ്യാം മോഹനും മറ്റ് യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് പുറത്തിറക്കിയ മാഗസിനാണ് വിവാദമായത്.

പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ്‌ലാമിലെ സ്വര്‍ഗവിശ്വാസത്തേയും അവഹേളിക്കുന്ന കവിതകള്‍ മാഗസിനിലുണ്ടെന്നാണ് വിമര്‍ശനം. ഫോക്‌ലോര്‍ പഠനവിഭാഗം വിദ്യാര്‍ത്ഥി ആദര്‍ശിന്റെ ‘മൂടുപടം’ എന്ന കവിതയാണ് വിവാദത്തിലായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കവിതക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇല്ല എന്ന് സഖാക്കള്‍ വിശ്വസിക്കുന്ന സ്വര്‍ഗത്തെ കുറിച്ച് കവിതയെഴുതുന്നതിന് മുമ്പ് സ്വന്തം പാര്‍ട്ടി ഓഫീസില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കവിതയെഴുതാനാണ് എസ്.എഫ്.ഐ തയ്യാറാവേണ്ടതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ പറഞ്ഞു.

ഇസ്‌ലാമിക വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന കവിതയാണ് ഇതെന്നും ബുര്‍ഖയെ സൂചിപ്പിക്കുന്ന കവിത കടുത്ത മതവിരോധവും വിദ്വേഷവും ആഭാസ പരാമര്‍ശങ്ങളും നിറഞ്ഞതാണ് കവിതയെന്നുമാണ് വിമര്‍ശനം.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും ശബരിമലയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അടക്കം അവഹേളിക്കുകയും വ്യാപകമായി ദേശവിരുദ്ധ കവിതകളും കഥകളും ഉള്‍പ്പെടുത്തുകയും ചെയ്താണ് മാഗസിന്‍ പുറത്തിറക്കിയതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

മാഗസിന്‍ പുറത്തിറക്കരുതെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാഗസിന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ചും നടത്തി.

വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മാഗസിന്‍ പിന്‍വലിക്കുകയാണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

മാഗസിന്റെ കോപ്പികള്‍ വിതരണം ചെയ്യരുതെന്ന് നിര്‍ദേശിച്ചതായും അന്വേഷണത്തിന് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായും റജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷി വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more