| Tuesday, 15th October 2019, 3:34 pm

'പര്‍ദ്ദയേയും ഇസ്‌ലാമിക വിശ്വാസത്തേയും പരിഹസിച്ചു; അയ്യപ്പനേയും ഗാന്ധിയേയും അവഹേളിച്ചു': കാലിക്കറ്റ് സര്‍വകലാശാല മാഗസിന്‍ വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ പുറത്തിറക്കിയ മാഗസിന്‍ വിവാദത്തില്‍. ഡിപാര്‍ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ‘പോസ്റ്റ് ട്രൂത്ത് ‘ എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനാണ് വിവാദമായത്.

പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ്ലാമിലെ സ്വര്‍ഗവിശ്വാസത്തേയും അവഹേളിക്കുന്ന കവിതകള്‍ മാഗസിനിലുണ്ടെന്നാണ് വിമര്‍ശനം. ശബരിമല അയ്യപ്പനേയും മകരജ്യോതിയേയും അപമാനിക്കുന്ന കവിതകള്‍ ഉണ്ടെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ഫോക്ലോര്‍ പഠനവിഭാഗം വിദ്യാര്‍ത്ഥി ആദര്‍ശിന്റെ ‘മൂടുപടം’ എന്ന കവിത പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ്ലാമിലെ സ്വര്‍ഗവിശ്വാസത്തേയും അവഹേളിക്കുന്നതാണെന്നാണ് ആരോപണം.

കവിതക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ‘ഇല്ല എന്ന് സഖാക്കള്‍ വിശ്വസിക്കുന്ന സ്വര്‍ഗത്തെ കുറിച്ച് കവിതയെഴുതുന്നതിന് മുമ്പ് സ്വന്തം പാര്‍ട്ടി ഓഫീസില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കവിതയെഴുതാനാണ് എസ്.എഫ്.ഐ തയ്യാറാവേണ്ടതെന്നാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ പ്രതികരിച്ചത്.

ഇസ്ലാമിക വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന കവിതയാണ് ഇതെന്നും ബുര്‍ഖയെ സൂചിപ്പിക്കുന്ന കവിത കടുത്ത മതവിരോധവും വിദ്വേഷവും ആഭാസ പരാമര്‍ശങ്ങളും നിറഞ്ഞതാണ് കവിതയെന്നുമാണ് വിമര്‍ശനം.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും ശബരിമലയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അടക്കം അവഹേളിക്കുകയും വ്യാപകമായി ദേശവിരുദ്ധ കവിതകളും കഥകളും ഉള്‍പ്പെടുത്തുകയും ചെയ്താണ് മാഗസിന്‍ പുറത്തിറക്കിയതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

പോസ്റ്റ് ട്രൂത്ത് എന്ന പേരില്‍ ഇറക്കിയ മാഗസിനില്‍ നിറയെ രാജ്യ വിരുദ്ധ കവിതകളും കഥകളുമാണെന്ന് എ.ബി.വി.പി ആരോപിച്ചു.

‘പെണ്ണിന്റെ ചൂട് അറിയാന്‍ മാനം നോക്കി നില്‍ക്കുന്ന ബോയ്സ് സ്‌കൂളിലെ പയ്യന്‍മാരുടെ അവസ്ഥയാണ് അയ്യപ്പന്‍’ എന്ന തരത്തിലാണ് കവിതയെന്നും ഭക്തരുടെ മനസിനെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള അയ്യപ്പന്റെ ചിത്രവും ഇതിനോടപ്പമുണ്ടെന്നും ഭക്തര്‍ വളരെ പവിത്രമായി കാണുന്ന മകരജ്യോതിയേയും മാഗസിന്‍ അവഹേളിക്കുന്നുണ്ടെന്നും എ.ബി.വി.പി ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭാരത് മാതാ കീ എന്ന പേരിലുള്ള കവിതയില്‍ രാജ്യം അപകടത്തിലാണെന്നാണ് പറയുന്നത്. ചാണകം മെഴുകിയ താമര മെത്തയില്‍ കാവി പുതച്ച് ആണ് രാജ്യം കിടക്കുന്നതെന്നും രാജ്യത്ത് ജനാധിപത്യം അവസാനിക്കുകയാണെന്നും അടക്കം പരാമര്‍ശങ്ങള്‍ കവിതയിലുണ്ടായിരുന്നെന്നും എ.ബി.വി.പി ആരോപിക്കുന്നു.

മാഗസിനെതിരെ ബി.ജെ.പി അനുകൂല എംപ്ലോയീസ് സെന്റര്‍ പ്രവര്‍ത്തകരും അധികൃതരെ കണ്ടിരുന്നു. ഹിന്ദു ഐക്യവേദിയും മാഗസിന് എതിരെ രംഗത്ത് വന്നു.

മാഗസിന്‍ പുറത്തിറക്കരുതെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാഗസിന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

ഇതിനിടെ മാഗസിനിടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ നീക്കണമെന്ന് എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് സര്‍വകലാശാല അധികൃതരോട് ആവശ്യപ്പെട്ടു. ‘ 2018-19 ലെ പോസ്റ്റ് ട്രൂത്ത് മാഗസിനില്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ എസ്.എഫ്.ഐയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. ഒരു മതത്തേയും മോശമായി ചിത്രീകരിക്കലോ അപകീര്‍ത്തിപ്പെടുത്തലോ എസ്.എഫ്.ഐ നയമല്ല. ഇത്തരത്തില്‍ വിവാദമുണ്ടാക്കാനിടയായ സാഹചര്യം പരിശോധിക്കും. മാഗസിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം സംഘടനാപരമായി അന്വേഷിച്ച് വീഴ്ച വരുത്തിയവര്‍ക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളും’- എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ സക്കീര്‍, പ്രസിഡന്റ് ഇ അഫ്‌സല്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മാഗസിന്‍ പിന്‍വലിക്കുകയാണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാഗസിന്‍ സ്റ്റാഫ് അഡൈ്വസര്‍ ഡോ. പി.ജെ ഹെര്‍മന്‍, സ്റ്റാഫ് എഡിറ്റര്‍ ഡോ. ആര്‍.വി.എം ദിവാകരന്‍ എന്നിവരുടെ ശുപാര്‍ശ പ്രകാരം വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീറാണ് മാഗസിന്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങണമെന്ന നിബന്ധന പാലിക്കാത്തതാണ് മാഗസിന്‍ പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്യാന്‍ കാരണം.

മാഗസിന്റെ കോപ്പികള്‍ വിതരണം ചെയ്യരുതെന്ന് നിര്‍ദേശിച്ചതായും അന്വേഷണത്തിന് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായും രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more