| Friday, 16th September 2022, 3:47 pm

മോദി @20 പുസ്തകം നീക്കി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് പാക് അനുകൂല സമീപനം, മോദി ഓടിളക്കി വന്നതല്ല: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ‘മോദി @20 ഡ്രീംസ് മീറ്റ് ഡെലിവെറി’ എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ലൈബ്രറിയിലെ ഡിസ്‌പ്ലേ ബോക്‌സില്‍ നിന്നും നീക്കിയത് പാകിസ്ഥാന്‍ അനുകൂല സമീപനത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ദേശവിരുദ്ധ ശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങിയ യൂണിവേഴ്‌സിറ്റി അധികൃതര്‍ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ് അപമാനിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നരേന്ദ്ര മോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ മറന്നു പോകരുത്. ഭാരതത്തിലെ ജനങ്ങള്‍ വന്‍ഭൂരിപക്ഷം നല്‍കി തുടര്‍ച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയാക്കിയ വ്യക്തിയാണ് അദ്ദേഹമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകം പോലും ലൈബ്രറിയില്‍ വെക്കാന്‍ പാടില്ലെന്ന താലിബാനിസം ബി.ജെ.പി അംഗീകരിച്ചു തരില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും വാചാലരാകുന്ന ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും വലിയ അസഹിഷ്ണുത നടമാടുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മോദിയെ കുറിച്ച് രാജ്യത്തെ 20 പ്രമുഖ വ്യക്തിത്വങ്ങള്‍ എഴുതിയ മോദി @20ക്കെതിരായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിലക്കിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്തും. സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും പുസ്തക ഫെസ്റ്റ് സംഘടിപ്പിക്കും. യൂണിവേഴ്‌സിറ്റി അധികൃതര്‍ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന മോദി @20 എന്ന പുസ്തകത്തിന്റെ ചര്‍ച്ചയില്‍ പുസ്തകത്തിന്റ ഉള്ളടക്കത്തെ വിമര്‍ശിച്ച് വിദ്യാര്‍ഥിയെ മുഖ്യാതിഥി പഞ്ചാബി സര്‍വകലശാലയിലെ പ്രഫസര്‍ ഡോ. ഡി.പി. സിങ് അപമാനിച്ചത് വിവാദമായിരുന്നു.

‘താന്‍ എവിടെനിന്നാണ് വരുന്നതെന്ന് എനിക്കറിയാം’എന്നാണ് ചര്‍ച്ചയില്‍ പുസ്തകത്തിന്റ ഉള്ളടക്കത്തെ വിമര്‍ശിച്ച വിദ്യാര്‍ഥിയോട് പ്രഫ. ഡോ. ഡി.പി. സിങ് മറുപടി നല്‍കിയത്.

‘മോദിയെ വിമര്‍ശിക്കുന്നവരെ പേരെടുത്തുപറഞ്ഞ് നാണം കെടുത്തണമെന്നും എല്ലാം രാഷ്ട്രീയമായി കാണുന്നവര്‍ മനോരോഗികളാണെന്നും കൂടി ഡി.പി. സിങ് പറഞ്ഞതോടെ വിദ്യാര്‍ഥികളില്‍ രോഷം അണപൊട്ടി.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര വാഴ്‌സിറ്റിയില്‍ ‘ഇന്ത്യന്‍ അപ്രോച്ചസ് ടു ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് കമ്യൂണിറ്റി ഡെവലപ്‌മെന്റ്’ എന്ന പരിപാടിക്കിടെയാണ് മോദി @20 എന്ന പുസ്തക ചര്‍ച്ച അജണ്ടയിലില്ലാതെ തിരുകിക്കയറ്റിയത്.

ന്യൂനപക്ഷ വേട്ട, കടം എഴുതിത്തള്ളല്‍, ഗുജറാത്ത് കലാപം തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് പുസ്തകത്തെ വിദ്യാര്‍ഥികള്‍ വിമര്‍ശിച്ചത്. ‘മോദി@20 ഡ്രീംസ് മീറ്റ് ഡെലിവെറി’ എന്ന പുസ്തകം ഗുജറാത്ത് മുഖ്യമന്ത്രിയായതുമുതല്‍ പ്രധാനമന്ത്രി പദം വരെയുള്ള 20 വര്‍ഷത്തെ മോദി ഭരണത്തെക്കുറിച്ചുള്ള പ്രമുഖരുടെ വിലയിരുത്തലാണ്.

Content Highlight: Calicut University has a pro-Pakistan Approach says BJP leader K Surendran

We use cookies to give you the best possible experience. Learn more