അലുവാലിയക്ക് കാലിക്കറ്റ് സര്‍വകലാശാല ഇന്ന് ഡിലിറ്റ് നല്‍കും
Kerala
അലുവാലിയക്ക് കാലിക്കറ്റ് സര്‍വകലാശാല ഇന്ന് ഡിലിറ്റ് നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2013, 1:08 pm

[]കോഴിക്കോട്: ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയക്ക് കാലിക്കറ്റ് സര്‍വകലാശാല ഇന്ന് ഡിലിറ്റ് നല്‍കും. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ഡി ലിറ്റ് ഏറ്റുവാങ്ങും. []

ഡിലിറ്റ് സ്വീകരിക്കാന്‍ അലുവാലിയ നേരിട്ട് എത്താത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പുവയ്ക്കാന്‍ നേരത്തെ വിസമ്മതിച്ചിരുന്നു.

ഇക്കാര്യത്തിലുള്ള എതിര്‍പ്പ് ഗവര്‍ണര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ അറിയിയിക്കുകയും ചെയ്തിരുന്നു. പ്രതിനിധിക്ക് നല്‍കാന്‍ ആകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഡിലിറ്റ് നല്‍കാന്‍ തീരുമാനമായത്.

മൊണ്ടേക് സിങ് അലുവാലിയയ്‌ക്കൊപ്പം എം.എസ് സ്വാമിനാഥന്‍, ജസ്റ്റിസ് ഫാത്തിമ ബീവി എന്നിവരെയും കാലിക്കറ്റ് സര്‍വകലാശാല ഇന്ന് ഡിലിറ്റ് നല്‍കി ആദരിക്കുന്നുണ്ട്.

അലുവാലിയ ഉള്‍പെടെയുള്ളവര്‍ക്ക് ഡിലിറ്റ് നല്‍കാന്‍ തീരുമാനിച്ചത് കാലിക്കറ്റ് സര്‍വകലാശാല നോമിനേറ്റഡ് സിന്‍ഡിക്കേറ്റാണ്. സെനറ്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഇതുവരെയും സെനറ്റ് വിളിച്ചുചേര്‍ത്തിട്ടില്ല.

ഈ സാഹചര്യത്തില്‍ സെനറ്റിന്റെ അധികാരം ഉപയോഗിച്ചാണ് ഡിലിറ്റ് നല്‍കാന്‍ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചതെന്ന് ആക്ഷേപവുണ്ട്.

ഇതിന് പുറമെ  നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന അലുവാലിയക്ക് ഡിലിറ്റ് നല്‍കുന്നതില്‍ പ്രതിഷേധവുമായി ഒരു വിഭാഗം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

കേരളവുമായി ബന്ധപ്പെട്ട് നിരവധി വിവാദ പ്രസ്താവനകള്‍ ഇറക്കിയ ഒരാള്‍ക്ക് എങ്ങനെയാണ് സര്‍വകലാശാല ഡിലിറ്റ് നല്‍കാന്‍ തീരുമാനിച്ചതെന്നും ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

കേരളത്തില്‍ നെല്‍ കൃഷി മാതൃകയല്ലെന്നും കേരളത്തില്‍ വരുമാനം കൂടുതലുള്ളതുകൊണ്ട് ഭക്ഷ്യ വസ്തുക്കളുടെ വിലകൂടിയാലും പ്രശ്‌നമില്ലെന്നും അലുവാലിയ പറഞ്ഞത് വിവാദമായിരുന്നു.